കേന്ദ്ര ഭരണകൂടത്തിനു താക്കീതായി എസ്.ഡി.പി.ഐ സമരകാഹളം സംഘടിപ്പിച്ചു

Update: 2020-05-07 14:37 GMT

ആലപ്പുഴ: സി.എ.എ. വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമെതിരെ ഭീകരനിയമങ്ങള്‍ ചുമത്തി കേസെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എസ്.ഡി.പി.ഐ ബ്രാഞ്ച് തലങ്ങളില്‍ സമരകാഹളം സംഘടിപ്പിച്ചു. ജയിലുകള്‍ നിറച്ചാലും പ്രതിഷേധങ്ങള്‍ അവസാനികുന്നില്ല എന്ന മുദ്രാവാക്യമുയര്‍ത്തി ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ മണ്ണഞ്ചേരി പൊന്നാട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച സമരകാഹളം ഉദ്ഘാടനം ചെയ്തു. 

സ്വന്തം ജനതയോട് പ്രതികാരം ചെയ്യുന്ന ലോകത്തെ അപൂര്‍വ്വം ഭരണകൂടങ്ങളില്‍ ഒന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. വിധേയപ്പെടാത്തവരെ തുറങ്കിലടക്കുകയോ വശീയ ഉന്മൂലനം ചെയ്യുകയോ ആണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ലോക്ക് ഡൗണിനു ശേഷം പൗരത്വ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ കാഞ്ഞിപ്പുഴയിലും ജില്ലാ ജനറല്‍ സെക്രട്ടറി കെ റിയാസ് മണ്ണഞ്ചേരിയിലും പ്രതിഷേധങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് എ ബി ഉണ്ണി, ട്രഷറര്‍ എം സാലിം, സെക്രട്ടറിമാരായ റൈഹാനത്ത് സുധീര്‍, ഇബ്രാഹിം വണ്ടാനം, കമ്മിറ്റി അംഗങ്ങളായ വി എം ഫഹദ്, നാസര്‍ പഴയങ്ങാടി, ഷെജീര്‍ കോയാമോന്‍, ഫൈസല്‍ പഴയങ്ങാടി, കെ.എം.നൈന എന്നിവര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന സമരകാഹളങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

Tags:    

Similar News