നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ ചരക്കുകപ്പല്‍ ജീവനക്കാരനു വേണ്ടി തിരച്ചില്‍ തുടരുന്നു
മംഗളൂരു: നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ ചരക്കുകപ്പല്‍ ജീവനക്കാരനു വേണ്ടി തിരച്ചില്‍ തുടരുന്നു. ബന്ദറില്‍ നിന്ന് ഗുജറാത്തിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിലെ ഉദ്യോഗസ്ഥന്‍ കന്യാകുമാരി സ്വദേശി അമല്‍ സേവ്യറാണ് (68) അപകടത്തില്‍ പെട്ടത്. പനമ്പൂര്‍ പോര്‍ട്ടില്‍ നിന്ന് 16.08 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ശനിയാഴ്ച അപകടം നടന്നത്. ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ കപ്പല്‍ നങ്കൂരമിടാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായി പതിച്ച തിരയിലാണ് അമല്‍ സേവ്യര്‍ കടലിലേക്ക് പതിച്ചതെന്നാണ് കപ്പലിലുണ്ടായിരുന്നവര്‍ അറിയിച്ചത്.
കപ്പലിന്റെ ചീഫ് ഓഫീസര്‍ ബെനില്‍ രാമചന്ദ്ര അടക്കമുള്ളവര്‍ ചേര്‍ന്ന് കപ്പലിനെ നങ്കൂരമിടാന്‍ സഹായിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും തെറിച്ചുവീണെങ്കിലും കടലില്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമലിനായി തിരച്ചില്‍ തുടരുന്നുവെങ്കിലും കണ്ടെത്താനായിട്ടില്ല.