ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കുള്ള സാമൂഹിക സാമ്പത്തിക സര്‍വേ ഈ വര്‍ഷവും തുടരും
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ എണ്ണവും സാമൂഹിക, സാമ്പത്തികാവസ്ഥയും പരിശോധിക്കുന്നതിനുളള സര്‍വേ ഈ വര്‍ഷവും തുടരും. സാമൂഹിക നീതി വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സാമൂഹിക സാമ്പത്തിക സര്‍വേ നടത്തുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുടെ സര്‍വതോന്‍മുഖമായ പുരോഗതിയ്ക്ക് വേണ്ടിയാണ് സാമൂഹിക സാമ്പത്തിക സര്‍വെയും വ്യക്തിഗത വികസന പദ്ധതിയും ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമില്‍ നടത്താന്‍ തീരുമാനിച്ചതെന്നും ഉത്തരവില്‍ പറയുന്നു.
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി നിരവധി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹാര്‍ദ ക്ഷേമപദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായാണ് 'മഴവില്ല്' എന്ന സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗമെന്ന നിലയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതും മറ്റ് പൗരന്‍മാരെപ്പോലെ തുല്യ നീതിയും തുല്യ അവകാശങ്ങളും സേവനങ്ങളും ഈ വിഭാഗക്കാര്‍ക്കു കൂടി ഉറപ്പാക്കേണ്ടതും പ്രധാനമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനായി ഈ വിഭാഗക്കാരുടെ കൃത്യമായ എണ്ണം കണക്കാക്കണം. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ നടപ്പാക്കിവരുന്ന സര്‍വേ.