നടിയെ ആക്രമിച്ച കേസ്; ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ജാമ്യം നല്‍കണമെന്നുമാണ് പള്‍സര്‍ സുനിയുടെ ആവശ്യം.തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് നേരത്തെ 25,000 രൂപ ഹൈക്കോടതി പള്‍സര്‍ സുനിക്ക് മേല്‍ പിഴ ചുമത്തിയിരുന്നു. തുടര്‍ച്ചയായി ഹൈക്കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആളുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. നെടുമ്പാശ്ശേരി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.
കേസിലെ മെമ്മറി കാര്‍ഡ് പരിശോധിച്ച സംഭവത്തില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാ അന്വേഷണ റിപോര്‍ട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സബോര്‍ഡിനേറ്റ് ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ജനറലിനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. രജിസ്ട്രിയുടെ കൈവശം ലഭ്യമല്ലെങ്കില്‍ റിപ്പോര്‍ട്ട് സെഷന്‍സ് കോടതിയില്‍ നിന്ന് വിളിച്ചുവരുത്താനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.