മദ്യനയ അഴിമതികേസിലെ സിബിഐ നടപടിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: മദ്യനയ അഴിമതികേസിലെ സിബിഐ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ രണ്ട് ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
നടപടിക്രമങ്ങളുടെ ഭാഗമായി സുപ്രിംകോടതി രണ്ട് ഹരജികളിലും സിബിഐയോട് വിശദീകരണം തേടും. സിബിഐയുടെ മറുപടി കൂടി ലഭിച്ച ശേഷം കേസില്‍ സുപ്രിംകോടതി വാദം കേള്‍ക്കും. നേരത്തെ രണ്ട് ഹരജികളും ഡല്‍ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയിട്ടുണ്ട്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം നേടിയാല്‍ അരവിന്ദ് കെജ്‌രിവാളിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം.