കാബൂള്‍: ഒരു പ്രദേശത്തെ മുഴുവന്‍ അഫ്ഗാന്‍ സൈന്യവും താലിബാനു മുന്നില്‍ ആയുധം വച്ച് കീഴടങ്ങി. രാജ്യത്തെ വടക്കന്‍ പ്രദേശത്തെ മൂന്ന് നഗരങ്ങളാണ് ഒറ്റ ദിവസം കൊണ്ട് അഫ്ഗാന്‍ സേനക്ക് കൈവിട്ടുപോയത്.
കുന്‍ഡുസിലെ അഫ്ഗാന്‍ സൈനിക ആസ്ഥാനത്തെ മുഴുവന്‍ സൈനികരും താലിബാനു മുന്നില്‍ ആയുധം വച്ചു. കീഴടങ്ങിയവരുടെ എണ്ണം നൂറു കണക്കിന് വരുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സേനയിലെ പ്രമുഖരെ ഉദ്ധരിച്ചുകൊണ്ടാണ് വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്തപുറത്തു വിട്ടത്.
നിലവില്‍ ഒമ്പത് പ്രവിശ്യകള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ചൊവ്വാഴ്ച മാത്രം മൂന്ന് നഗരങ്ങള്‍ താലിബാന്‍ കീഴടക്കി.
താലിബാന്‍ ചൊവ്വാഴ്ചയാണ് ഒമ്പതാമത്തെ പ്രവിശ്യാ ആസ്ഥാനം പിടിച്ചത്. കഴിഞ്ഞ ദിവസം താലിബാന്‍ നിയന്ത്രണമേറ്റെടുത്ത ഫൈസാബാദ്, അഫ്ഗാനിലെ വടക്കന്‍ പ്രദേശമാണ്.
നഗരങ്ങളിലും തെരുവുകളിലും താലിബാന്‍ പട്രോളിങ് നടത്തുന്ന ചിത്രങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടുണ്ട്.
യുഎസ്, നേറ്റൊ സേനകള്‍ പിന്‍വാങ്ങാന്‍ തുടങ്ങിയതുമുതല്‍ താലിബാന്‍ അഫ്ഗാന്‍ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്.