രക്തസ്രാവം മൂലം ഇരട്ടക്കുട്ടികള്‍ ഗര്‍ഭത്തില്‍ മരിച്ചു; കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ക്കെതിരേ പരാതി

Update: 2022-04-08 17:53 GMT

കടയ്ക്കല്‍: രക്തസ്രാവമുണ്ടായി താലൂക്ക് ആശുപത്രിയില്‍ എത്തിയ യുവതിക്ക് യഥാസമയം ചികിത്സ കിട്ടാത്തതിനാല്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചതായി പരാതി. ഐരകുഴി ഗീതു ഭവനില്‍ ശരത്തിന്റെയും ഗീതുവിന്റെയും ഇരട്ടശിശുക്കളാണ് മരിച്ചത്.

ഗീതു ആദ്യ മാസം മുതല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടറെ കണ്ട് ചികിത്സ നടത്തിയിരുന്നു. ഏപ്രില്‍ 14 ന് ശസ്ത്രക്രിയയ്ക്ക് തീയതി നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ഒന്നിന് രാത്രി 9ന് രക്തസ്രാവം ഉണ്ടായി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്യൂട്ടി ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഗൈനക്കോളജി ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ സര്‍ജറി കഴിഞ്ഞു പോയതാണന്നും ഇനി വരാന്‍ പറ്റില്ല എന്നുള്ള മറുപടിയാണ് ലഭിച്ചതെന്നു ഗീതുവും ഭര്‍ത്താവ് ശരത്തും പറയുന്നു.

ഗീതുവിനു പ്രാഥമിക ചികിത്സ പോലും നല്‍കാതെ എസ്എടി ആശുപത്രിയിലേക്ക് അയച്ചു. എസ്എടി ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് അമ്മയുടെ ഉദരത്തില്‍ രക്തസ്രാവം മൂലം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ മരിച്ചതായി അറിയുന്നത്. എന്നാല്‍ താലൂക്ക് ആശുപത്രി അധികൃതര്‍ ആരോപണം നിഷേധിച്ചു. ഉത്തരവാദികളായ ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കടയ്ക്കല്‍ പൊലിസിനും ആരോഗ്യമന്ത്രിക്കും ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കി.

Tags:    

Similar News