കര്‍ഷക സമരം: കേന്ദ്ര നിര്‍ദേശം പരിഗണിച്ചതില്‍ സംതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര കൃഷി മന്ത്രി

Update: 2021-01-20 16:00 GMT

ന്യൂഡല്‍ഹി: ബുധനാഴ്ച ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടന്ന പത്താംവട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ കര്‍ഷക സമരനേതാക്കള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായതില്‍ സംതൃപ്തി പ്രകടപ്പിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നും അടുത്ത ചര്‍ച്ചയില്‍ പ്രതികരിക്കുമെന്നുമുള്ള കര്‍ഷക നേതാക്കളുടെ പ്രതികരണം സന്തോഷം നല്‍കുന്നതാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കാര്‍ഷിക നിയമം നടപ്പാക്കുന്നത് ഒരു വര്‍ഷം നീട്ടിവയ്ക്കാനും വിവാദമായ കാര്‍ഷിക നിയമത്തിന്റെ ക്ലോസ്സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കര്‍ഷകപ്രതിനിധികളും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് രൂപം നല്‍കാമെന്നുമാണ് ഇന്ന് നടന്ന പത്താം വട്ട അനുരജ്ഞന ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ നിര്‍ദേശിച്ചത്. കാര്‍ഷിക നിയമം ഒന്നര വര്‍ഷത്തേക്ക് നടപ്പാക്കുകയില്ലെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കാമെന്നും നിയമത്തെക്കുറിച്ചും താങ്ങുവിലയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി രൂപീകരിക്കാമെന്നും സര്‍ക്കാര്‍ ബുധനാഴ്ചയിലെ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ആ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനോടാണ് കര്‍ഷര്‍ അടുത്ത ചര്‍ച്ചയില്‍ പ്രതികരിക്കുമെന്നറിയിച്ചത്. ജനുവരി 22നാണ് അടുത്ത ചര്‍ച്ച.

കര്‍ഷകര്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം കേസുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരിശോധിച്ചതിനുശേഷം നടപടിയെടുക്കാമെന്നും അറിയിച്ചിട്ടുണ്ട്.

വിവാദമായ കാര്‍ഷിക നിയമത്തെക്കുറിച്ചുള്ള പത്താം വട്ട അനുരഞ്ജന ചര്‍ച്ച ഡല്‍ഹി വിഖ്യാന്‍ ഭവനില്‍ നടക്കുന്നതിനിടയിലാണ് മന്ത്രി പുതിയ കമ്മിറ്റി രൂപീകരിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. പത്താം വട്ട ചര്‍ച്ച ജനുവരി 19നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് അത് ജനുവരി 20ലേക്ക് മാറ്റുകയായിരുന്നു. ജനുവരി 15ാം തിയ്യതി നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിലാണ് ജനുവരി 20ന് വീണ്ടും യോഗം ചേര്‍ന്നത്. യോഗത്തില്‍ കൃഷിമന്ത്രി തൊമറിനു പുറമെ പിശൂഷ് ഗോയലും സന്നിഹിതരായിരുന്നു.

Tags:    

Similar News