ന്യൂഡല്‍ഹി: കഴിഞ്ഞ 2 ആഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ 187 ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കുറവ് അനുഭവപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. വാര്‍ത്താസമ്മേളനത്തില്‍ മന്ത്രാലയത്തിനുവേണ്ടി പങ്കെടുത്ത ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
കൊവിഡ് സജീവ രോഗികളുടെ എണ്ണം 1 ലക്ഷത്തില്‍ കൂടുതലുള്ള 12 സംസ്ഥാനങ്ങളാണ്(കേന്ദ്രഭരണപ്രദേശങ്ങളടക്കം) ഉള്ളത്. 8 സംസ്ഥാനങ്ങളില്‍ (കേന്ദ്രഭരണപ്രദേശങ്ങളടക്കം) 50,000നും 1 ലക്ഷത്തിനും ഇടയിലാണ് സജീവ രോഗികളുടെ എണ്ണം. 16 സംസ്ഥാനങ്ങളില്‍(കേന്ദ്രഭരണപ്രദേശങ്ങളടക്കം) 50,000ത്തില്‍ താഴെയാണ് സജീവരോഗികള്‍. ബീഹാറില്‍ കൊവിഡ് വ്യാപനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതേസമയം ജമ്മുവില്‍ രോഗവ്യാപനം വര്‍ധിച്ചു.
24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണ്. 187 ജില്ലകളിലാണ് രോഗവ്യാപനം കുറയുന്നതായി കാണുന്നത്. രണ്ടാഴ്ചയിലെ പ്രവണതയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. താനെ, നാസിക്ക്, നാഗപൂര്‍ ചന്ദ്രാപൂര്‍(മഹാരാഷ്ട്ര), ഗ്വാളിയോര്‍, ഭോപാല്‍, ഇന്‍ഡോര്‍(മധ്യപ്രദേശ്), ആല്‍വാര്‍(രാജസ്ഥാന്‍) തുടങ്ങിയ ജില്ലകളിലാണ് കൊവിഡ് വ്യാപനം കുറഞ്ഞത്.
ഇന്ന് ഇന്ത്യയിലെ സജീവ രോഗികള്‍ 37,10,525 പേരാണ്. 17.72 കോടി വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു.