'ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായീല്‍ നീക്കം യുദ്ധക്കുറ്റം': ടെല്‍അവീവില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി
ടെല്‍അവീവ്: ഫലസ്തീന്‍ ഭൂമി പിടിച്ചെടുത്തുകൊണ്ടുള്ള ഇസ്രായീല്‍ ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ടെല്‍ അവീവില്‍ ആയിരങ്ങള്‍ അണിനിരന്ന റാലി. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ രാജ്യത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ഇസ്രായീല്‍ സര്‍ക്കാരിന്റെ വിവാദ നിയമത്തിനെതിരേയാണ് ഇസ്രായീലിലെ അവകാശപ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.
''അധിനിവേശം വേണ്ട, പിടിച്ചെടുക്കല്‍ വേണ്ട, വേണ്ടത് ജനാധിപത്യവും സമാധാനവും'' എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. സാമൂഹിക അകലം പാലിച്ചും മാസ്‌കുകള്‍ ധരിച്ചും നടന്ന പ്രകടത്തില്‍ നിരവധി പേര്‍ ഫലസ്തീന്‍ ദേശീയപതാകയും വീശിയിരുന്നു.
ചിലര്‍ കഴിഞ്ഞ ആഴ്ച ജറുസലേമില്‍ ഇസ്രായീല്‍ പോലിസ് വെടിവച്ചുകൊന്ന ഓട്ടിസം ബാധിച്ച ഫലസ്തീനി യുവാവ് ഇയദ് ഹലാകിന്റെ ചിത്രങ്ങളും വീശിയിരുന്നു. ഇസ്രായേലിലെ മെരെറ്റ്‌സ പാര്‍ട്ടിയും അറബ് സംഘടനകളും അവകാശ സമരങ്ങള്‍ നടത്തുന്ന ഏതാനും സംഘടനകളുമാണ് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നേരത്തെ പ്രതിഷേധത്തിന് പോലിസ് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നടന്ന ചര്‍ച്ചയില്‍ അനുവദിച്ചു.
ഇസ്രായീലിന്റെ നീക്കം യുദ്ധ കുറ്റമാണെന്നും അത് രക്തച്ചൊരിച്ചില്‍ കൊണ്ടുവരുമെന്നും ഇസ്രായീല്‍ പ്രതിനിധി സഭ അംഗവും മെരെറ്റ്‌സ് മേധാവിയുമായ നിറ്റ്‌സാന്‍ ഹൊറോവിറ്റ്‌സ് പറഞ്ഞു. ഇത് വര്‍ണവെറിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പുതിയ നിയമം നടപ്പാക്കാനുള്ള അവകാശം നെതന്യാഹുവിനില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
വെസറ്റ് ബാങ്ക്, ജോര്‍ദാന്‍ താഴ് വര, തുടങ്ങിയ ഇസ്രായീല്‍ പ്രദേശങ്ങള്‍ ജൂണ്‍ 1 നുള്ളില്‍ ഇസ്രായീലിന്റെ ഭാഗമാക്കുന്ന നെതന്യാഹു കൊണ്ടുവന്ന നിയമത്തിനെതിരാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. നിയമം പാസ്സായാല്‍ വെസ്റ്റ് ബാങ്കിന്റെ 30 ശതമാനവും ഇസ്രായീലിന്റെ ഭാഗമാവും.
ഇസ്രായീലിന്റെ പുതിയ നിയമത്തിന് അമേരിക്ക പച്ചക്കൊടി വീശിയിട്ടുണ്ട്. ഈ നൂറ്റാണ്ടിന്റെ നിയമമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഈ നിയമം പാസ്സായാല്‍ ഇസ്രായീല്‍ ഒരു വര്‍ണവെറിയന്‍ രാജ്യമാവുമെന്ന് മറ്റൊരു മെരെറ്റ്‌സ് നേതാവ് തമര്‍ സന്ദ്‌ബെര്‍ഗ് പറഞ്ഞു. ഭൂമി പിടിച്ചെടുക്കന്‍ വര്‍ണവിവേചനമെന്ന് അവര്‍ ആവര്‍ത്തിച്ചു.
അഞ്ച് പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകനും അറസ്റ്റിലായി.
ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്ന ഇസ്രായീല്‍ നീക്കത്തിനെതിരേ യുഎന്‍, യൂറോപ്, അറബ് രാജ്യങ്ങള്‍ എന്നിവര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഫലസ്തീന്റെ ഭൂമി അധിനിവേശം നടത്തുന്നതിനെതിരേ പിഎല്‍ഒയും പ്രതിഷേധമറിയിട്ടുണ്ട്.