'അഴിമതി കൊവിഡിനേക്കാള്‍ മാരകം': നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേലില്‍ സിയോണിസ്റ്റ് പ്രതിഷേധം
ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രായേലില്‍ സിയോണിസ്റ്റുകള്‍ തെരുവിലറിങ്ങി. ആയിരക്കണക്കിനു വരുന്ന പ്രതിഷേധക്കാരാണ് ജറുസലേമിലെ നെതന്യാഹുവിന്റെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയത്. കൊവിഡ് വ്യാപനം തടയുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന ആരോപണം ഇസ്രായേലില്‍ അതിശക്തമാണ്.
നെതന്യാഹുവിന്റെ അഴിമതി ജനങ്ങളെ രോഗികളാക്കിയെന്നും പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും എഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
ഫ്രഞ്ച് വിപ്ലവത്തിന്റെ 231ാം വാര്‍ഷിക ദിനമായ ജൂലൈ 14ന് ജനങ്ങള്‍ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ആവശ്യപ്പെടുന്നതായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരിലൊരാളായ ജനറല്‍ അമിര്‍ ഹസ്‌കല്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ മാസ്‌കുകള്‍ ധരിച്ചിരുന്നുവെങ്കിലും സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നാണ് റിപോര്‍ട്ട്.
കൊവിഡ് അല്ല അഴിമതിയാണ് കൂടുതല്‍ മാരകമെന്ന് മറ്റൊരു പ്രതിഷേധക്കാരനായ ടെല്‍ അവിവില്‍ നിന്നു വന്ന ലോറന്റ് സിഗെ പറഞ്ഞു.
നെതന്യാഹുവിനെതിരേ കൈക്കൂലിക്കും വഞ്ചനയ്ക്കും വിശ്വാസവഞ്ചനയ്ക്കും 3 കേസുകളാണ് കോടതിയിലുള്ളത്.