മൂന്നുമണിക്കൂര്‍, ചുരം ദൗത്യം വിജയം; കൂറ്റന്‍ യന്ത്രങ്ങളുമായി ട്രെയിലറുകള്‍ ലക്കിടിയിലെത്തി
കോഴിക്കോട്: കൂറ്റന്‍ യന്ത്രസാമഗ്രികള്‍ വഹിക്കുന്ന രണ്ട് ട്രെയിലറുകളും തടസ്സങ്ങളില്ലാതെ താമരശ്ശേരി ചുരം കയറി. മൂന്നുമണിക്കൂര്‍ സമയമെടുത്താണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാത്രി 11ന് അടിവാരത്ത് നിന്നും ചുരം കയറാന്‍ ആരംഭിച്ച ട്രെയിലറുകള്‍ പുലര്‍ച്ചെ 2.10ന് വയനാട് ലക്കിടിയിലെത്തി. കൂറ്റന്‍ ട്രെയിലറുകള്‍ കാണാനായി നിരവധി ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്രഭാഗങ്ങള്‍ വഹിച്ച ട്രെയിലര്‍ രണ്ട് ഇടങ്ങളില്‍ നിന്നുപോയിരുന്നു. സ്റ്റാര്‍ട്ടിങ് മോട്ടോര്‍ തകരാര്‍ കാരണമാണ് മുന്നില്‍ നീങ്ങിയ ട്രെയ്‌ലര്‍ ഇടയ്ക്ക് നിന്നുപോയത്.
വാഹനത്തിനുള്ളിലെ മെക്കാനിക്കിന്റെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിച്ചശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.20ന് ട്രെയിലറുകള്‍ നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. മുന്നിലുള്ള വാഹനത്തിന്റെ എന്‍ജിന്‍ ചൂടായതിനാല്‍ എട്ടാം വളവിനു മുകളില്‍ ട്രെയിലറുകള്‍ അല്‍പനേരം നിര്‍ത്തിയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.56നാണ് ഇരുട്രെയിലറുകളും ഒമ്പതാം വളവ് പിന്നിട്ടത്.
ഒമ്പതാം വളവിനു താഴെ ടവര്‍ലൈനിനു മുകളിലായി വലതുവശത്ത് കൂറ്റന്‍പാറയുള്ള റോഡിന്റെ വീതികുറഞ്ഞ ഭാഗം ആശങ്ക ഉയര്‍ത്തിയെങ്കിലും ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പ്രയാസമില്ലാതെ ചുരത്തിലെ അവസാന വളവും പിന്നിട്ടു. കര്‍ണാടകയിലെ നഞ്ചന്‍കോട് മേഖലയിലെ നെസ്‌ലെ കമ്പനിയുടെ ഫാക്ടറിയിലേക്കാണ് യന്ത്രഭാഗങ്ങള്‍ വഹിക്കുന്ന ട്രെയിലര്‍ യാത്ര ചെയ്യുന്നത്. ട്രെയിലര്‍ കടന്നുപോവാനായി ചുരത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആംബുലന്‍സുകള്‍ക്ക് മാത്രമാണ് ചുരത്തിലൂടെ യാത്ര ചെയ്യാന്‍ അനുമതിയുള്ളത്.
ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന എച്ച്ജിബി ട്രെയിലറുകളാണ് ചുരത്തിലൂടെ സഞ്ചരിച്ചത്. ആറ്, ഏഴ് ടണ്‍ ഭാരമാണ് രണ്ട് ട്രെയിലറുകള്‍ വഹിക്കുന്നത്. ട്രെയിലറുകള്‍ക്ക് അകമ്പടിയായി അഗ്‌നിരക്ഷാ സേനയുടെ വാഹനവും വെളിച്ചം നല്‍കാനുള്ള പ്രത്യേക വാഹനവും സഞ്ചരിക്കുന്നുണ്ടായിരുന്നു.
മറ്റൊരു വഴിയിലൂടെയും ട്രെയിലറുകള്‍ കൊണ്ടുപോവാന്‍ സാധിക്കാത്തതിനാലാണ് ചുരം വഴി സഞ്ചരിച്ചത്. ഗതാഗത നിയന്ത്രണം ആവശ്യമായതിനാല്‍ 104 ദിവസം ചുരത്തിന് താഴ്‌വാരത്ത് കാത്തുകിടന്ന ശേഷമാണ് ട്രെയിലറുകള്‍ക്ക് ചുരം കയറാന്‍ അനുമതി ലഭിച്ചത്. യാത്രയുടെ ചെലവ് ട്രക്കിന്റെ ഉടമസ്ഥരായ അണ്ണാമലൈ ചരക്ക് ഗതാഗത കമ്പനിയാണ് വഹിക്കുന്നത്. കരുതല്‍ ധനമായി ഇവര്‍ 20 ലക്ഷം രൂപ കെട്ടിവച്ചിട്ടുണ്ട്.