പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; ഒരാഴ്ചകൊണ്ട് കൊല്ലപ്പെട്ടത് എട്ട് പേര്‍
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3 ആയി. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് ജമ്മു പോലിസ് ട്വീറ്റ് ചെയ്തു. പുല്‍വാമയിലെ ഛന്ദ്ഗാം പ്രദേശത്താണ് സംഘര്‍ഷം നടക്കുന്നത്. വെയിവയ്പ് ഇപ്പോഴും തുടരുന്നു.
കൊല്ലപ്പെട്ടത് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനായ പാകിസ്താന്‍കാരനാണെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.
2 എം4 കാര്‍ബൈന്‍, 1 എകെ സീരീസ് റൈഫിള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് പോലിസ് സേനയുടെ വന്‍ വിജയമാണെന്ന് വിജയ് കുമാര്‍ അവകാശപ്പെട്ടു.
ചന്ദ്ഗാം പ്രദേശത്ത് സുരക്ഷാസേന വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞ 5 ദിവസത്തിനുള്ളില്‍ എട്ട് പേരെയാണ് സുരക്ഷാസേന വെടിവച്ചുകൊന്നത്. ഏഴ് പേരെ മൂന്ന് ഏറ്റുമുട്ടലുകളിലായാണ് വധിച്ചത്. ഒരാളെ അതിര്‍ത്തി കടക്കുന്നതിനിടയില്‍ പോലിസ് വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ ലഷ്‌കര്‍ പ്രവര്‍ത്തകരായ ഹജിന്‍, സലീം പറെയ് എന്നിവര്‍ ഉള്‍പ്പെടുന്നു.
ചൊവ്വാഴ്ച കുല്‍ഗാമില്‍ രണ്ട്‌പേരെ വധിച്ചു. കുല്‍ഗാമില്‍ ഒകെ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.
തിരച്ചിലിനിടയില്‍ സുരക്ഷാസേനക്കെതിരേ സായുധര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
കുപ്‌വാരയിലും ഒരാളെ വെടിവച്ചുകൊന്നിരുന്നു, ജനുവരി ഒന്നാം തിയതിയായിരുന്നു അത്.