പാമ്പു കടിയേറ്റ് മൂന്ന് വയസുകാരി മരിച്ചസംഭവം: കുറ്റിക്കാടുകള്‍ നീക്കം ചെയ്തു

കൃഷ്ണന്‍കോട്ട പാറേക്കാട്ട് ജോസിന്റെ പേരക്കുട്ടി മൂന്നു വയസുകാരിയാണ് കഴിഞ്ഞ മാര്‍ച്ച് 24 ന് വീട്ടു മുറ്റത്ത് പാമ്പു കടിയേറ്റ് മരിച്ചത്

Update: 2021-11-22 16:48 GMT

മാള: പൊയ്യ കൃഷ്ണന്‍കോട്ടയില്‍ പാമ്പു കടിയേറ്റ് മൂന്ന് വയസുകാരി മരിച്ച പ്രദേശത്തെ കുറ്റിക്കാടുകള്‍ സ്ഥല ഉടമ നീക്കം ചെയ്തു. പൊയ്യ വില്ലേജ് ഓഫിസര്‍ നടത്തിയ ഇടപെടലിലാണ് കുറ്റിക്കാടുകള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായത്. കൃഷ്ണന്‍കോട്ട പാറേക്കാട്ട് ജോസിന്റെ പേരക്കുട്ടി മൂന്നു വയസുകാരിയാണ് കഴിഞ്ഞ മാര്‍ച്ച് 24 ന് വീട്ടു മുറ്റത്ത് പാമ്പു കടിയേറ്റ് മരിച്ചത്. പ്രദേശത്തെ കുറ്റിക്കാടുകള്‍ ആയിരുന്നു ഇഴ ജന്തുക്കളുടെ ആവാസത്തിന് കാരണം. സ്വകാര്യ വ്യക്തിയുടെ കൈവശമിരിക്കുന്ന ഈ സ്ഥലം വെട്ടി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജോസിന്റെ കുടുംബം പിന്നീട് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് ആര്‍ഡിഒ ആണ് പറമ്പ് വെട്ടി തെളിക്കാനും കിണര്‍ മറ കെട്ടി സംരക്ഷിക്കാനും ഉത്തരവിട്ടത്. എന്നാല്‍ സ്ഥല ഉടമകള്‍ ഉത്തരവ് പാലിക്കാന്‍ തയ്യാറായില്ല. 75 സെന്റ് സ്ഥലമായിരുന്നു ഇപ്രകാരം കാട് മൂടി കിടന്നിരുന്നത്. ആര്‍ഡിഒ ഉത്തരവിന്റെ കലാവധി കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജോസിന്റെ കുടുംബം തീരുമാനിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫിസര്‍ കര്‍ക്കശമായി വിഷയത്തില്‍ ഇടപെട്ടതും കുറ്റിക്കാടുകള്‍ സ്ഥല ഉടമ തന്നെ നീക്കം ചെയ്തതും.

Tags:    

Similar News