തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി; നേതാക്കള്‍ക്ക് പിഴവ് പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ കാരണം എറണാകുളത്തെ പാര്‍ട്ടി നേതാക്കള്‍ക്ക് പിഴവ് പറ്റിയതുകൊണ്ടെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട്. മുതിര്‍ന്ന നേതാക്കളായ എ കെ ബാലന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തിയത്. ഇന്ന് ചേരുന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗവും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും റിപോര്‍ട്ട് പരിഗണിക്കും.
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കമുള്ള പാളിച്ചകളാണ് തോല്‍വിക്ക് കാരണമെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ഥിയായി പരിഗണിച്ച അഡ്വ. കെ എസ് അരുണ്‍കുമാറിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകള്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. എറണാകുളത്തുനിന്നുള്ള സംസ്ഥാന നേതാക്കള്‍ക്കടക്കം പിഴവ് പറ്റിയെന്നും റിപോര്‍ട്ടിലുണ്ട്. കഴിഞ്ഞ മെയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 25000ലധികം വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഉമാ തോമസിനോട് തോറ്റത്.