കല്‍പ്പറ്റ: വയനാട്ടിലിറങ്ങി ഭീതി പടര്‍ത്തിയ കടുവയെ മയക്കുവെടിവച്ചു. കുപ്പാടിത്തറയില്‍ കണ്ട കടുവയെയാണ് മയക്കുവെടിവച്ചത്. രണ്ട് റൗണ്ട് മയക്കുവെടി വച്ചതായും കടുവയ്ക്ക് വെടിയേറ്റതായും ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. പുതുശ്ശേരി വെള്ളാരംകുന്നില്‍ കര്‍ഷകനെ കൊന്ന കടുവയാണോ ഇതെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ സമയം വേണം. കടുവയെ ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നും കലക്ടര്‍ അറിയിച്ചു. കടുവയുടെ കാലിനാണ് മയക്കുവെടിയേറ്റത്.
കുപ്പാടിത്തറയില്‍ ഇന്ന് രാവിലെ നാട്ടുകാരനാണ് കടുവയെ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതിനിടെ തുടര്‍ന്നു പോലിസും വനപാലകരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയത്. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ പുതുശ്ശേരി വെള്ളാരംകുന്നില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ഇന്ന് കടുവയെ കണ്ടത്. വാഴത്തോട്ടത്തില്‍ കടുവയെ കണ്ടയുടന്‍ നാട്ടുകാര്‍ തമ്പടിച്ചു. ഉദ്യോഗസ്ഥതലത്തില്‍ നിന്ന് അപകട സാധ്യത മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും നാട്ടുകാര്‍ പല ഭാഗത്തായി നിലയുറപ്പിച്ചു. കര്‍ഷകനെ ആക്രമിച്ച കടുവ തന്നെയെന്ന നിഗമനത്തിലാണ് ഉദ്യോാഗസ്ഥ വൃന്ദം.