തിരൂരങ്ങാടി ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാക്കും: പുരാവസ്തുവകുപ്പ് പരിശോധന തുടങ്ങി
തിരൂരങ്ങാടി: തിരൂരങ്ങാടി ഹജൂര്‍ കച്ചേരി പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മലബാര്‍ സമരകാലത്ത് ബ്രിട്ടീഷുകാരുടെ ആസ്ഥാനമായിരുന്നു ഇവിടെ. നിരവധി സമര പോരാട്ടങ്ങള്‍ക്കും മറ്റും സാക്ഷ്യം വഹിച്ച ഈ ആസ്ഥാനം സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് നടപ്പിലാകാന്‍ പോവുന്നത്.
സംസ്ഥാനത്തെ പൈതൃക മ്യൂസിയങ്ങള്‍ സംരക്ഷിച്ച് നിര്‍ത്തണമെന്ന കഴിഞ്ഞ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ തുടര്‍ന്ന് ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്തത് തിരൂരങ്ങാടിയിലെ പഴയ ഈ ആസ്ഥാനമാണ്. ചരിത്രവും പഴമയും നില നിര്‍ത്തിയുള്ള കച്ചേരിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപ പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ഇന്നലെ ഉദ്യേഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് രേഖകള്‍ തയ്യാറാക്കി.
ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിന് വേണ്ടി നിര്‍മ്മിച്ചവ മുഴുവനും പൊളിച്ചുമാറ്റും. നിരവധി പോരാളികളെ അടച്ച ജയിലറകളും നടുമുറ്റവും ചരിത്രസ്മരണകളോടെ നിലനിര്‍ത്തും. രണ്ട് ദിവസത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുമെന്ന് പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാംസ്‌കാരിക വകുപ്പിനു കീഴിലായിരിക്കും മ്യൂസിയം സ്ഥാപിക്കുക.
1921 ലെ പോരാട്ട ഭൂമികയില്‍ ചരിത്ര മ്യൂസിയമായി ഇത് മാറും. ഹജൂര്‍ കച്ചേരി സംരക്ഷണങ്ങള്‍ക്കും പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുമായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നതായി പി കെ അബ്ദുറബ്ബ് എംഎല്‍എ അറിയിച്ചു. കച്ചേരിയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപ പുരാവസ്തു വകുപ്പിന് കൈമാറിയാതായി അദ്ദേഹം അറിയിച്ചു.