ടൈറ്റാനിയം ജോലി തട്ടിപ്പ്: മുഖ്യപ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് ഇന്ന് അപേക്ഷ നല്‍കും

Update: 2022-12-19 01:31 GMT

തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്റിലായ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും. നെടുമങ്ങാട് കോടതിയാണ് ദിവ്യ നായരെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. തട്ടിപ്പിനിരയായവര്‍ പണം കൈമാറിയ ദിവ്യ നായരെ തിരുവനന്തപുരം ജേക്കബ് ജങ്ഷനിലെ വീട്ടിലെത്തിയാണ് വെഞ്ഞാറമൂട് പോലിസ് രാവിലെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജോലി ഒഴിവുണ്ടെന്ന വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ച് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം കൈപ്പറ്റിയിരുന്നത് ദിവ്യയാണ്.

ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഉദ്യോര്‍ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വാര്‍ത്ത പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് പോലിസ് കരുതുന്നത്. ടൈറ്റാനിയം എജിഎം ശശികുമാരന്‍ തമ്പിക്ക് തട്ടിപ്പിലുള്ളത് നിര്‍ണായക പങ്കാണ്. ദിവ്യ പണം വാങ്ങും. മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാംലാലും ടൈറ്റാനിയത്തിലെത്തിക്കുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്തുന്നത് എജിഎം ശശികുമാരന്‍ തമ്പിയാണ്.

ഇന്റര്‍വ്യൂവിന് മുമ്പ് പകുതി പണവും ഇന്റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്റര്‍വ്യൂ നടത്തിയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സംശയം തോന്നിയിരുന്നില്ല. ശശി കുമാരന്‍ തമ്പിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പോലിസ് ശേഖരിച്ചുവരികയാണ്. ജോലി വാഗ്ദാനം ചെയ്ത് 29 പേരില്‍ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. ദിവ്യാ നായര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കന്റോണ്‍മെന്റ് പോലിസും വെഞ്ഞാറമൂട് പോലിസുമാണ് കേസെടുത്തത്. ടൈറ്റാനിയം ലീഗല്‍ എജിഎം ശശി കുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്.

പണം നേരിട്ട് വാങ്ങിയ ദിവ്യാ നായരാണ് ഒന്നാം പ്രതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷും പ്രതിയാണ്. പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍. മാസം 75,000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായി 10 ലക്ഷം 2018 ഡിസംബറില്‍ വാങ്ങിയെന്നാണ് കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതി. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പോലിസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പോലിസും കേസെടുത്തത്.

Tags:    

Similar News