ടൈറ്റാനിയം ജോലി തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേകസംഘം

Update: 2022-12-24 01:19 GMT

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡിലെ ജോലി തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ജെ കെ ദിനില്‍ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. ഒമ്പത് ഉദ്യോഗസ്ഥര്‍ കൂടി സംഘത്തിലുണ്ടാവും.

തട്ടിപ്പുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ്, മ്യൂസിയം, പൂജപ്പുര, വെഞ്ഞാറമൂട് പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. കന്റോണ്‍മെന്റ് എസ്എച്ച്ഒ ബി എം ഷാഫി, കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ ഡി സാബു, പൂജപ്പുര എസ്എച്ച്ഒ ആര്‍ റോജ്, വനിതാ സ്‌റ്റേഷന്‍ എസ്എച്ച്ഒ ആശാചന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി ജിജുകുമാര്‍ (മ്യൂസിയം), എസ് എസ് ദില്‍ജിത്ത് (കന്റോണ്‍മെന്റ്), ആര്‍ അജിത് കുമാര്‍ (മ്യൂസിയം), വി പി പ്രവീണ്‍ (പൂജപ്പുര), എം എ ഷാജി (വെഞ്ഞാറമ്മൂട്) എന്നിവരാണ് സംഘാംഗങ്ങള്‍.

ജോലി വാഗ്ദാനം ചെയ്ത് 29 പേരില്‍ നിന്നായി ഒരുകോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം നടക്കുന്നത്. ദിവ്യാ നായര്‍ ഉള്‍പ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കന്റോണ്‍മെന്റ് പോലിസും വെഞ്ഞാറമൂട് പോലിസുമാണ് കേസെടുത്തത്. ടൈറ്റാനിയം ലീഗല്‍ എജിഎം ശശി കുമാരന്‍ തമ്പി അഞ്ചാം പ്രതിയാണ്. പണം നേരിട്ട് വാങ്ങിയ ദിവ്യാ നായരാണ് ഒന്നാം പ്രതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷും പ്രതിയാണ്. പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

മാസം 75,000 രൂപ ശമ്പളത്തില്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുതവണയായി 10 ലക്ഷം 2018 ഡിസംബറില്‍ വാങ്ങിയെന്നാണ് കന്റോണ്‍മെന്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതി. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പോലിസിനെ സമീപിച്ചത്. സമാന പരാതിയിലാണ് വെഞ്ഞാറമൂട് പോലിസും കേസെടുത്തത്. ടൈറ്റാനിയത്തില്‍ ജോലി നല്‍കാമെന്ന പേരില്‍ 14 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഉദ്യോര്‍ഥിയുടെ പരാതിയിലാണ് കഴിഞ്ഞ മാസം വെഞ്ഞാറമൂട് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ടൈറ്റാനിയം എജിഎം ശശികുമാരന്‍ തമ്പിക്ക് തട്ടിപ്പിലുള്ളത് നിര്‍ണായക പങ്കാണ്. ദിവ്യ പണം വാങ്ങും. മറ്റ് പ്രതികളായ പ്രേംകുമാറും ശ്യാംലാലും ടൈറ്റാനിയത്തിലെത്തിക്കുന്ന ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ നടത്തുന്നത് എജിഎം ശശികുമാരന്‍ തമ്പിയാണ്. ഇന്റര്‍വ്യൂവിന് മുമ്പ് പകുതി പണവും ഇന്റര്‍വ്യൂവിന് ശേഷം ബാക്കി പണവും വാങ്ങിയായിരുന്നു തട്ടിപ്പ്. ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇന്റര്‍വ്യൂ നടത്തിയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സംശയം തോന്നിയിരുന്നില്ല. ശശി കുമാരന്‍ തമ്പിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പോലിസ് ശേഖരിച്ചുവരികയാണ്.

Tags:    

Similar News