ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണം: ഇപി ജയരാജന്‍

പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ജലീലിനോട് തന്നെ ചോദിക്കണം

Update: 2022-08-13 13:43 GMT

തിരുവനന്തപുരം: കശ്മീര്‍ വിഷയത്തില്‍ സിപിഎമ്മിന്റേത് പ്രഖ്യാപിത നിലപാടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഈ നിലപാടില്‍ നിന്ന് ആരും വ്യതിചലിക്കില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത് എന്തുകൊണ്ടെന്ന് ജലീലിനോട് ചോദിക്കണം. പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചതെന്നും തെറ്റായിപ്പോയോ എന്നും ജലീലിനോട് ചോദിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ് ജലീല്‍ വിവാദ പോസ്റ്റ് പിന്‍വലിച്ചത്. പോസ്റ്റ് പിന്‍വലിക്കാന്‍ പാര്‍ട്ടി നിര്‍ദേശം നല്‍കുകയായിരുന്നു. സിപിഎം നേതൃത്വം ജലീലിനോട് തിരുത്താന്‍ ആവശ്യപ്പെടുന്നതിന് മുമ്പ് മന്ത്രിമാരായ എംവി ഗോവിന്ദനും പി രാജീവും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു.

പോസ്റ്റിലെ പരമാര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് ഫേസ്ബുക്കിലൂടെയാണ് ജലീല്‍ അറിയിച്ചത്. താന്‍ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ നാടിന്റെ നന്മയ്ക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിയിക്കുന്നുവെന്നാണ് കെടി ജലീലിന്റെ വിശദീകരണം.

ഇന്‍വെര്‍ട്ടഡ് കോമയില്‍ നടത്തിയ പ്രയോഗത്തിന്റെ അര്‍ത്ഥം മനസ്സിലാകാത്തവരോട് സഹതാപം എന്ന് ഇന്ന് രാവിലെ വിവാദത്തോട് പ്രതികരിച്ച കെടി ജലീല്‍ വൈകുന്നേരത്തോടെ മലക്കം മറിയുകയായിരിന്നു. തനിക്ക് പിഴവ് പറ്റിയെന്ന് തുറന്ന് പറയാതെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്‌തെന്നും നാടിന്റെ നന്മയക്കായി അത് പിന്‍വലിക്കുന്നു എന്നുമാണ് ജലീല്‍ അറിയിച്ചത്.

അതേസമയം ദില്ലി തിലക് മാര്‍ഗ് പൊലിസ് സ്‌റ്റേഷിനില്‍ ബിജെപി അനുകൂലിയായ അഭിഭാഷകന്‍ ജലീലിനെതിരെ പരാതി നല്‍കി. പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് ജലീലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

Tags:    

Similar News