ഖാസിപൂര്‍: യുപിയിലെ ഖാസിപൂരിലും മൈക്ക് ഉപയോഗിച്ച് ബാങ്കു വിളിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയെന്ന് ആരോപണം. ഖാസിപൂരിലെ ഏതാനും പള്ളികളിലാണ് പോലിസും അധികൃതരും മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതില്‍ നിരോധനമേല്‍പ്പെടുത്തി ഉത്തരവിട്ടിട്ടുണ്ടെന്ന് പളളി അധികാരികളെ അറിയിച്ചത്. യുപിയിലെ ഫറൂക്കാബാദിലും നിരോധനമേര്‍പ്പെടുത്തിയതായാണ് അറിയുന്നത്.
എന്നാല്‍ മൈക്കിലൂടെ ബാങ്ക് വിളിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയെന്ന പ്രചാരണം ശരിയല്ലെന്നും ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ, ഇത് സംബന്ധിച്ച് കൂടുതല്‍ പറയാന്‍ ആരും തയ്യാറായില്ല.
ഖാസിപൂരിലെ ജമാനിയ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നില്‍ക്കുന്ന പള്ളിയുടെ ഇന്‍ചാര്‍ജ്ജ്് ആയ ഷാഹിദ് ഖാന്‍ പറയുന്നത് തങ്ങളുടെ പള്ളിയിലേക്ക് രാവിലെ 3.45ന് ഏതാനും പോലിസുകാര്‍ വരികയും ബാങ്ക് വിളിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നുമാണ്. ബാങ്ക് വിളിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഉത്തരവ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ വാക്കാലുള്ള ഉത്തരവാണെന്ന് അവര്‍ അറിയിച്ചു. ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ കൈകൊള്ളുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇന്ന് ബാങ്ക് വിളിച്ചില്ല.
ദാറുല്‍ ഉലൂം ഫിറന്‍ഗി മഹല്‍ വക്താവ് സുഫിയാന്‍ നിസാമിയും ഇതേ അനുഭവം പങ്കുവച്ചു. തനിക്ക് ഖാസിപൂരിലെ വിവിധ പള്ളികളില്‍ നിന്ന് ഇതുസംബന്ധിച്ച് നിരവധി കോളുകള്‍ വന്നിരുന്നെന്ന് അദ്ദേഹം പറയുന്നു. റമദാന്‍ മാസത്തില്‍ ബാങ്ക് വിളിക്കുന്നത് പ്രധാനമാണ്. ബാങ്കനുസരിച്ചാണ് വിശ്വാസികള്‍ തങ്ങളുടെ നോമ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും.
അതേസമയം ഖാസിപൂര്‍ എസ് പി പ്രകാശ് സിങ് പറയുന്നത് ഇങ്ങനെയൊരു ഉത്തരവ് ഇല്ലെന്നാണ്. ലോക്ക് ഡൗണ്‍ ഉത്തരവുകള്‍ രാജ്യത്തെവിടെയുമെന്ന പോലെ ഇവിടെയും ബാധകമാണ്. അതേസമയം ഖാസിപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓം പ്രകാശ് ആര്യ ഇതേ കുറിച്ച് പ്രതികരിച്ചില്ല.
ഫറൂഖാബാദ് സിറ്റി മജിസ്‌ട്രേറ്റ് അശോക് മൗര്യ പറയുന്നത് ഇത്തരമൊരു ഉത്തരവ് ഉണ്ടെന്നാണ്. പള്ളികളില്‍ നിന്ന് ബാങ്ക് വിളിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റ് വാക്കാന്‍ നിരോധിച്ചിട്ടുണ്ട്. പള്ളികളില്‍ നിന്നുള്ള അനൗണ്‍സ്്‌മെന്റുകളും നിരോധിച്ചിരിക്കുന്നു.
ഫറൂഖാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കൂടുതല്‍ പറയാന്‍ തയ്യാറായില്ല.
അതേസമയം, ന്യൂനപക്ഷ ക്ഷേമ, മുസ്‌ലിം വക്കഫ് & ഹജ്ജ് മന്ത്രി മൊഹ്‌സിന്‍ റാസ പറയുന്നത് ഇങ്ങനെയൊരു ഉത്തരവില്ലെന്നാണ്. താന്‍ ഖാസിയാപൂര്‍ ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിച്ചുവെന്നും ഇങ്ങനെയൊരു ഉത്തരവില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ചില കുബുദ്ധികള്‍ ഈ പ്രതിസന്ധി മുതലെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അവിടെയും പോലിസുകാര്‍ പള്ളികളില്‍ ചെന്ന് ബാങ്ക് വിളിക്കുന്നതില്‍ നിരോധനമുണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അത് നിഷേധിക്കുകയും ചെയ്തു.