തെലങ്കാന: പ്രമുഖ ഫാഷന്‍ ഡിസൈനറെ ഹൈദരാബാദിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ ആണ് ശനിയാഴ്ച ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യുഷ ഗരിമെല്ല എന്ന സ്വന്തം ലേബലിന്റെ സ്ഥാപകയായ പ്രത്യുഷ ബഞ്ചാര ഹില്‍സില്‍ ഒരു ഫാഷന്‍ സ്റ്റുഡിയോ നടത്തിവരികയായിരുന്നു. ടോളിവുഡില്‍ നിന്നും ബോളിവുഡില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നുമുള്ള മികച്ച ക്ലയന്റുകളുമുണ്ടായിരുന്നു.
കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റിയതായി ബഞ്ചാര ഹില്‍സിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ആത്മഹത്യയാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് സിലിണ്ടര്‍ പോലിസ് പിടിച്ചെടുത്തു. സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബഞ്ചാര ഹില്‍സില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. ഫാഷന്‍ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് യുകെയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം പിതാവിന്റെ ബിസിനസായ എല്‍ഇഡി മാനുഫാക്ചറിങ് കമ്പനിയില്‍ ചേര്‍ന്നിരുന്നു.