കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിന് ഒമ്പതാം വളവിന് എട്ടാം വളവിനും ഇടയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ ഭാഗമായുള്ള നിയന്ത്രണത്തിന് പുറമേയാണിത്. ചെറു കാറുകളും ഇരുചക്രവാഹനങ്ങളും മാത്രമേ ചുരത്തിലൂടെ കയറ്റിവിടുന്നുള്ളൂ.
കെഎസ്ആര്‍ടിസി മിനി ബസുകള്‍ നടത്തുന്ന ചെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരം ഇടിഞ്ഞ ഭാഗത്ത് ബസുകള്‍ക്ക് കടന്നുപോകാന്‍ ആവാത്തതിനാല്‍ ഒന്‍പതാം വളവിന് താഴെ യാത്രക്കാരെ ഇറക്കി ചുരം ഇടിഞ്ഞ ഭാഗത്തുകൂടി നടന്ന് മറ്റൊരു ബസില്‍ കയറി വേണം അടിവാരത്തേക്ക് യാത്ര ചെയ്യാന്‍. ദീര്‍ഘദൂര സര്‍വീസുകള്‍ രാത്രിയില്‍ ചുരത്തിലൂടെ കടന്നുപോയിരുന്നു എങ്കിലും അതിനും ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനിമുതല്‍ കുറ്റിയാടി ചുരം വഴി മാത്രമേ ദീര്‍ഘദൂര ബസുകള്‍ക്ക് സര്‍വീസ് നടത്താനാകൂ.