കൊറോണ വൈറസിന്റെ രൂപമാറ്റം: ബ്രിട്ടനിലേക്ക് പ്രവേശിക്കാനാവാതെ നൂറുകണക്കിനു വാഹനങ്ങള്‍
ബ്രിട്ടനിലെ വിവിധ വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാവാതെ തിരിച്ചുപോയി.
ലണ്ടന്‍: കൊറോണ വൈറസിന്റെ രൂപമാറ്റത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ബ്രിട്ടനുമായി യാത്രാനിരോധം ഏര്‍പ്പെടുത്തിയതോടെ നൂറുകണക്കിനു വാഹനങ്ങള്‍ ബ്രിട്ടന്റെ അതിര്‍ത്തിയില്‍ കുടുങ്ങി. ബ്രിട്ടനില്‍നിന്ന് ഫ്രാന്‍സിലേക്കും ഇതര യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പുറപ്പെടാന്‍ കാത്തിരിക്കുന്ന ട്രക്കുകള്‍ മൈലുകള്‍ നീളത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ഫ്രാന്‍സ് 48 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടീഷ് ട്രക്കുകള്‍ നിരോധിച്ചു.
ബ്രിട്ടനിലെ വിവിധ വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാവാതെ തിരിച്ചുപോയി. ഇന്ത്യ ഉള്‍പ്പടെ മിക്ക രാജ്യങ്ങളും ബ്രിട്ടനുമായുള്ള വ്യോമഗതാഗതത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊവിഡ് വൈറസിന്റെ വകഭേദം ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ചുറ്റുപാടും നിയന്ത്രണാതീതമാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇത് കൂടുതല്‍ മാരകമാണോയെന്ന് വ്യക്തമല്ലെന്നും എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ വാക്‌സിനുകള്‍ ഇവക്ക് ഫലപ്രദമാകില്ല എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.