തൃണമൂല്‍ പ്രവര്‍ത്തകന്റെ വീടിന് ബോംബേറ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Update: 2019-06-15 09:17 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിന് ശേഷമാണ് ബോംബേറ്. സോഹല്‍ റാണ(19), ഖൈറുദ്ദീന്‍ ഷാ(55) എന്നിവരാണ് കൊല്ലപ്പെട്ടത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഖൈറുദ്ദീന്‍ ഷായുടെ മകന്‍ മിലന്‍ ഷൈഖ് എഎന്‍ഐയോട് പറഞ്ഞു. രാത്രിയില്‍ വീട്ടിലുള്ളവർ ഉറക്കത്തിലായിരുന്ന സമയത്താണ് ആക്രമണമുണ്ടായതെന്നും ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മാവന്‍ അല്‍ത്താഫ് ഹുസൈനും കൊല്ലപ്പെട്ടിരുന്നുവെന്നും മിലന്‍ അറിയിച്ചു. അല്‍ത്താഫ് ഹുസൈന്റെ മകനാണ് സോഹല്‍ റാണ.

Similar News