അഗര്‍ത്തല: ത്രിപുരയില്‍ സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ത്രിപുര- മിസോറാം- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാഞ്ചന്‍പൂര്‍ സബ് ഡിവിഷനിലെ ആനന്ദ ബസാര്‍ പോലിസ് സ്‌റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫ് 145 ബറ്റാലിയന്‍ അംഗം മധ്യപ്രദേശിലെ മണ്ഡല ജില്ല സ്വദേശി ഗ്രിജേഷ് കുമാര്‍ ഉദ്‌ഡെ (53) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8:30 ഓടെയായിരുന്നു സംഭവം. എന്‍എല്‍എഫ്ടി (നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര) എന്ന സംഘടനയുമായാണ് ഏറ്റുമുട്ടലുണ്ടായത്.
സിമകക അതിര്‍ത്തി മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്നു ബിഎസ്എഫ് സംഘം. ഇതിനിടെ ബിഎസ്എഫ് സേനാംഗങ്ങള്‍ക്ക് നേരേ സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും തിരിച്ചടിച്ചു. ഇതിനിടെയായിരുന്നു ഗ്രിജേഷ് കുമാറിന് പരിക്കേറ്റത്. നാല് വെടിയുണ്ടകളാണ് ഗ്രിജേഷ് കുമാറിന്റെ ശരീരത്തില്‍ തറച്ചത്. ഗുരുതരമായി പരിക്കേറ്റ ഗ്രിജേഷ് അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
ജവാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജിബിപി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ സായുധര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ പുരോഗമിക്കുകയാണ്. വടക്കന്‍ ത്രിപുരയില്‍ ത്രിപുര പോലിസിന്റെയും ബിഎസ്എഫിന്റെയും സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രകോപനമില്ലാതെയാണ് വെടിവയ്പ്പ് നടന്നതെന്ന് നോര്‍ത്ത് ത്രിപുര ജില്ലാ പോലിസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ പറഞ്ഞു.