ത്രിപുര മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷം: തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍

വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാറ്റിവയ്ക്കണമെന്നും അക്രമ സംഭവങ്ങളെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പാനല്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജികള്‍.

Update: 2021-11-26 09:13 GMT

ന്യൂഡല്‍ഹി: ത്രിപുര മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍. തിരഞ്ഞെടുപ്പ് പ്രക്രിയ പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവേശനം അനുവദിച്ചുകൊണ്ട് വ്യാഴാഴ്ച കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതടക്കമുള്ള കോടതി ഉത്തരവുകള്‍ മിക്കതും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേനയാണ് തൃണമൂല്‍ രണ്ട് ഹരജികള്‍ ഫയല്‍ ചെയ്തത്.

വോട്ടെണ്ണലും ഫലപ്രഖ്യാപനവും മാറ്റിവയ്ക്കണമെന്നും അക്രമ സംഭവങ്ങളെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പാനല്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജികള്‍. പരാതി അടിയന്തിരമായി പരിഗണിക്കണമെന്ന് കപില്‍ സിബല്‍ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചിനോട് ആവശ്യപ്പെട്ടു. ത്രിപുരയില്‍ വ്യാപകമായി സംഘര്‍ഷമുണ്ടായി എന്ന് അദ്ദേഹം കോടതിയെ ധരിപ്പിച്ചു. സ്ഥാനാര്‍ഥികളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; സുപ്രിംകോടതി നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് അവിടെ ഉണ്ടായതെന്ന് മാധ്യമങ്ങള്‍ പോലും റിപോര്‍ട്ട് ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുര മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളുടെ സുരക്ഷയ്ക്കായി കേന്ദ്ര സായുധ പോലിസ് സേനയുടെ (സിഎപിഎഫ്) രണ്ട് കമ്പനികളെ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രിംകോടതി വ്യാഴാഴ്ച നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഈ വിഷയത്തില്‍ കൃത്യവും വിശദവുമായ ഉത്തരവ് വ്യാഴാഴ്ച തന്നെ പുറപ്പെടുവിച്ചിരുന്നുവെന്ന് ബെഞ്ച് പറഞ്ഞു. സിഎപിഎഫിന്റെ രണ്ട് ബറ്റാലിയനെ സുരക്ഷയ്ക്കായി വിട്ടുനല്‍കിയില്ലെന്നും മല്‍സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടത്ര സുരക്ഷയ്ക്കായി രണ്ട് കോണ്‍സ്റ്റബിള്‍മാരെ നിയോഗിച്ചില്ലെന്നും കപില്‍ സിബല്‍ ആരോപിച്ചു. തെളിവായി മാധ്യമദൃശ്യങ്ങള്‍ ഹാജരാക്കാമെന്നും അടിയന്തിരമായി വിഷയം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനത്തിന്റെ തിരക്കായതിനാലും ശനിയാഴ്ച മറ്റ് തിരക്കുള്ളതിനാലും ഹരജി പരിഗണിക്കുന്നതിനെ സംബന്ധിച്ച് സംയുക്തമായി തീരുമാനിച്ച് അറിയിക്കാമെന്ന് കോടതി ഉറപ്പുനല്‍കി.

Tags:    

Similar News