കോടതി വിധി ലംഘിച്ച് 200 വെനുസ്വേലക്കാരെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി യുഎസ് ഭരണകൂടം(ചിത്രങ്ങള്‍-വീഡിയോ)

Update: 2025-03-17 15:12 GMT

വാഷിങ്ടണ്‍: കോടതി വിധി ലംഘിച്ച് 200 വെനുസ്വേലക്കാരെ എല്‍ സാല്‍വദോറിലേക്ക് നാടുകടത്തി യുഎസ് ഭരണകൂടം. വെനുസ്വേലയിലെ ട്രെന്‍ ഡി അരാഗ്വ എന്ന മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 200 പേരെയാണ് നാടുകടത്തിയത്.

യുദ്ധകാലത്ത് ഉപയോഗിക്കേണ്ട 1798ലെ എലിയന്‍ എനിമീസ് നിയമപ്രകാരമാണ് നടപടി. ഈ നിയമപ്രകാരം നടപടി പാടില്ലെന്ന് കൊളംബിയ ജില്ലാ കോടതി ജഡ്ജി ജെയിംസ് ബോസ്ബര്‍ഗ് വിധിച്ചിരുന്നു. പക്ഷേ, യുഎസ് ഭരണകൂടം കോടതി വിധി ലംഘിച്ചു. ഭീകരവാദികളെ കയറ്റിവിടുന്നതില്‍ നിന്നും യുഎസ് ഭരണകൂടത്തെ തടയാന്‍ ഒരു നഗരത്തിലെ ജഡ്ജിക്ക് സാധിക്കില്ലെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലൈന്‍ ലീവിറ്റ് പറഞ്ഞു.








 
ഹെക്ടര്‍ ഗരെരോ ഫ്‌ളോറസ് എന്നയാള്‍ വെനുസ്വേലയിലെ ജയിലില്‍ തുടങ്ങിയ മാഫിയ സംഘമാണ് ട്രെന്‍ ഡി അരാഗ്വയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ട്രെന്‍ ഡി അരാഗ്വ എന്നാല്‍ അരാഗ്വയിലെ ട്രെയ്ന്‍ എന്നാണ് അര്‍ത്ഥം. കൊളോണിയല്‍ ഭരണകൂടം റെയില്‍ പണിക്കു കൊണ്ടുവന്നവരുടെ പിന്‍ഗാമികളാണ് സംഘാംഗങ്ങളില്‍ ഭൂരിഭാഗവും. കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ അധികമായി വെനുസ്വേലയിലെ ടോകോറോണ്‍ ജയിലില്‍ ആണ് ഹെക്ടര്‍ ഗരെരോ ഫ്‌ളോറസ് ഉള്ളത്. 2012ല്‍ ജയില്‍ ഗാര്‍ഡിന് കൈക്കൂലി നല്‍കി രക്ഷപ്പെട്ടെങ്കിലും 2013ല്‍ വീണ്ടും പിടികൂടി. ബൊളിവാര്‍ സംസ്ഥാനത്തെ സ്വര്‍ണ ഖനികളും ഇപ്പോള്‍ സംഘത്തിന്റെ നിയന്ത്രണത്തിലാണെന്ന് പറയപ്പെടുന്നു. കൊളംബിയ, ഈക്വഡോര്‍, പെറു, ചിലി എന്നിവിടങ്ങളിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. സംഘത്തില്‍ ഏകദേശം 5000 പേരുണ്ടെന്നും പ്രതിവര്‍ഷം 13 കോടി രൂപ വരുമാനമുണ്ടാക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.