
വാഷിങ്ടണ്‍: ഗസയിലെ ഫലസ്തീനികളെ ഈജിപ്തും ജോര്‍ദാനും സ്വീകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനോടു സംസാരിച്ചതായും ട്രംപ് വെളിപ്പെടുത്തി. ഇന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ എല്‍ സിസിയുമായും സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലിരുന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞാന്‍ അബ്ദുല്ല രാജാവിനോട് പറഞ്ഞു. ''നിങ്ങള്‍ കൂടുതല്‍ പേരെ ഏറ്റെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഗസ മുഴുവന്‍ കുഴപ്പമാണ്.'' പത്തോ പതിനഞ്ചോ ലക്ഷം പേരെയോ അതില്‍ പകുതിയോ ഏറ്റെടുക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗസ ഇപ്പോള്‍ തകര്‍ന്നടിഞ്ഞ പ്രദേശമാണെന്നും എന്തെങ്കിലും ചെയ്‌തേ പറ്റൂയെന്നും ട്രംപ് പറഞ്ഞു.
നിലവില്‍ ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ ഈജിപ്തിലും ജോര്‍ദാനിലും സിറിയയിലും ലബ്‌നാനിലും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇസ്രായേല്‍ ഗസയില്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ തന്നെ കൂടുതല്‍ ഫലസ്തീനികളെ സ്വീകരിക്കില്ലെന്ന് ഈജിപ്ത് പറഞ്ഞിരുന്നു. കൂടാതെ റഫ അതിര്‍ത്തി തുറക്കാനും വിസമ്മതിച്ചു. അതേസമയം, 2000 പൗണ്ട് തൂക്കം വരുന്ന മാരകസ്‌ഫോടകശേഷിയുള്ള ബോംബുകള്‍ ഇസ്രായേലിന് നല്‍കുന്നത് തടഞ്ഞ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവ് ട്രംപ് പിന്‍വലിച്ചു. ഇസ്രായേല്‍ അവര്‍ക്ക് വേണ്ടതു പോലെ ചെയ്യട്ടെയന്നും ട്രംപ് പറഞ്ഞു.