ഫലസ്തീനികളെ കുടിയിറക്കാനുമുള്ള ട്രംപിന്റെ പദ്ധതി അംഗീകരിക്കില്ല: ഇറാന്‍ വിദേശകാര്യ മന്ത്രാലയം

ടെഹ്റാന്‍: ഗസ പിടിച്ചെടുക്കാനും തീരദേശ പ്രദേശത്തുനിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാനുമുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രാലയം.
'ഗസ ഒഴിപ്പിച്ച് ഫലസ്തീന്‍ ജനതയെ അയല്‍ രാജ്യങ്ങളിലേക്ക് ബലമായി കുടിയിറക്കാനുള്ള പദ്ധതി, ഫലസ്തീന്‍ രാഷ്ട്രത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാനുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ (ഇസ്രായേല്‍) പദ്ധതിയുടെ തുടര്‍ച്ചയായി കണക്കാക്കപ്പെടുന്നു, ഇത് നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു,' വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഖായ് പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും അടിത്തറയ്ക്കും നേരെയുള്ള അഭൂതപൂര്‍വമായ ആക്രമണം എന്നാണ് ട്രംപിന്റെ പദ്ധതിയെ ബഖായ് വിശേഷിപ്പിച്ചത്. ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുള്ള അവകാശം അംഗീകരിക്കാനും അവരെ അധിനിവേശത്തില്‍ നിന്നും വര്‍ണ്ണവിവേചനത്തില്‍ നിന്നും മോചിപ്പിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു.
അമേരിക്ക ഗസയെ ഏറ്റെടുക്കുമെന്നും ഗസയില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതിനേ തുടര്‍ന്ന് അറബ് സര്‍ക്കാരുകളില്‍ നിന്നും ലോക നേതാക്കളില്‍ നിന്നും നിരവധി വിമര്‍ശനങ്ങളാണ് ട്രംപിനെതിരേ ഉയരുന്നത്.