പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്

Update: 2024-06-22 11:37 GMT

കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരില്‍ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന സൂരജ് ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തില്‍ പെട്ടത്. പാല കുറിഞ്ഞി കുഴുവേലി വളവിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ അപകടം നടന്നത്.

പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് സാരമായ പരിക്കുണ്ട്. പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പോലിസിന്റെയും അഗ്‌നിരക്ഷാസേനയുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ബെംഗളൂരു-തിരുവല്ല അന്തഃസംസ്ഥാന സര്‍വിസ് നടത്തുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. ബസില്‍ 26 യാത്രക്കാരുണ്ടായിരുന്നു. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള പ്രദേശമായതിനാല്‍ ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വളവ് ഇറങ്ങി വന്ന ബസ് മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സമീപം അന്‍പതടി താഴ്ചയുള്ള കുഴിയുണ്ടായിരുന്നു. ബസ് മറിഞ്ഞ് റോഡിലെ ക്രാഷ് ബാരിയറില്‍ ഇടിച്ച് നിന്നത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ സമീപമുണ്ടായിരുന്ന ഒരു വൈദ്യുത പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്.

Tags:    

Similar News