രണ്ടു ദിവസത്തെ ചികില്‍സയ്ക്കു ശേഷം മമത ആശുപത്രി വിട്ടു
രണ്ട് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും മമതയുടെ അഭ്യര്‍ഥന മാനിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ആക്രമണത്തിനിടെ പരിക്കേറ്റ് ചികില്‍സയിലായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആശുപത്രി വിട്ടു. അവര്‍ ചികില്‍സകളോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചുവെങ്കിലും മമതയുടെ അഭ്യര്‍ഥന മാനിച്ച് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
നന്ദിഗ്രാമില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് മമത ബാനര്‍ജി അക്രമത്തിന് ഇരയായത്. കാലിനും തോളിനും കഴുത്തിനും പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ഒന്നും പ്രവര്‍ത്തിക്കരുതെന്ന് ആശുപത്രിയില്‍ നിന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചിരുന്നു. മമത ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. അതേസമയം, മമതയുടേത് നാടകമാണെന്നായിരുന്നു ബിജെപി ആരോപണം.