ഫ്‌ലിപ്കാര്‍ട്ടിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്: രണ്ട് പേര്‍ കൂടി പിടിയില്‍
ഇരിട്ടി: ഓണ്‍ലൈന്‍ വ്യാപാര ശൃംഖല ഇടപാടുകാര്‍ക്കയച്ച 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ തട്ടിപ്പിലൂടെ കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. കേസിലെ നാലാം പ്രതി ഉളിക്കല്‍ അറബി സ്വദേശി നെല്ലിക്കല്‍ ആല്‍ബിന്‍ മാത്യു (24), അഞ്ചാം പ്രതിഅടയ്ക്കാത്തോട് സ്വദേശി അടയ്ക്കാ പീടിക കാറ്റ് വീട്ടില്‍ കെ കെ അനീഷ് (33) എന്നിവരാണ് പിടിയിലായത്. സംഭവത്തിനു ശേഷം കേരളത്തിനകത്തും പുറത്തുമായി ഒളിവിലായിരുന്ന പ്രതികളില്‍ അഞ്ചാം പ്രതി കെ കെ അനീഷ് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയും നാലാം പ്രതി ആല്‍ബിന്‍ മാത്യുവിനെ ഇരിട്ടി പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരേയും 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
കേസില്‍ ഉള്‍പ്പെട്ട മുഖ്യപ്രതി കേളകം അടയ്ക്കാതോട് പുത്തന്‍പറമ്പില്‍ മുഹമ്മദ് ജുനൈദ്, കരിക്കോട്ടക്കരി വലിയപറമ്പ് കരി സ്വദേശി അക്ഷയ് എന്നിവരുള്‍പ്പെടെ 3 പേരെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും പിടിയിലായതായി ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ ദിനേശന്‍ കൊതേരി അറിയിച്ചു.
ഫ്‌ലിപ്കാര്‍ട്ട് ഇടപാടുകാര്‍ക്കയച്ച 31 ഫോണുകളും ഒരു ക്യാമറയുമുള്‍പ്പെടെ 11 ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഇവരുടെ സാമഗ്രികള്‍ ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കാന്‍ ചുമതലപ്പെട്ട എന്റര്‍സ് സ്‌പോര്‍ട്‌സ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഏരിയാ മാനേജര്‍ പി. നന്ദു 2020 നവംബറില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരിട്ടി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് പുറത്തുവന്നത്.
ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവുള്ള സമയത്ത് വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. സാധനങ്ങള്‍ കൈപ്പറ്റിയശേഷം പാര്‍സല്‍ പാക്കറ്റില്‍ ഡ്യൂപ്ലിക്കേറ്റ് സാധനം കയറ്റി തിരിച്ചയക്കും. സാധനത്തിന്റെ പണം കമ്പനിക്ക് നല്‍കാതെ കമ്പനിയേയും ഇടപാടുകാരെയും ഒരേ സമയം വഞ്ചിച്ച് സംഘം ഇരട്ടത്തട്ടിപ്പാണ് നടത്തിയിരുന്നത്.
ഓര്‍ഡര്‍ചെയ്ത സാധനങ്ങള്‍ ഓഫിസില്‍നിന്ന് കവരുന്ന തരത്തിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ തട്ടിയെടുത്ത ഫോണുകള്‍ ഉപയോഗിക്കാതെ കണ്ണുരിലും മംഗലാപുരത്തുമായി മറിച്ചുവില്‍ക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.
ഇരിട്ടി പ്രിന്‍സിപ്പല്‍ എസ് ഐ ദിനേശന്‍ കൊതേരി, എസ്‌ഐ വി ടി ബേബി, എഎസ്‌ഐ റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് നാലാം പ്രതിയെ പിടികൂടിയത്.