വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കാനെത്തിച്ച കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത്.
മൂന്നാര്‍: ഇടുക്കി രാജാക്കാട് കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവാണ് പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തത്. എക്‌സൈസിനെ കണ്ടതോടെ ബൈക്ക് അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് എക്‌സൈസ് സംഘം കീഴടക്കിയത്.
രാജക്കാട് ആനപ്പാറ സ്വദേശി എയ്ഞ്ചല്‍ ഏലിയാസ്, ബൈസണ്‍ വാലി സ്വദേശി കിരണ്‍ ബാബു എന്നിവരാണ് എക്‌സൈസ് നര്‍കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന രാജാക്കാട് സ്വദേശി ബിനു ജോസഫ് എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. രാജാക്കാടിനടുത്തെ ടൂറിസ്റ്റ് കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പ്പന.
തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ആവശ്യക്കാര്‍ക്ക് പ്രതികള്‍ കിലോയ്ക്ക് 35,000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. ബൈക്കില്‍ എത്തിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന. എക്‌സൈസോ, പോലിസോ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടവഴികളിലൂടെ അതിവേഗം ബൈക്കോടിച്ച് രക്ഷപ്പെടുന്നതായിരുന്നു പ്രതികളുടെ രീതി.
ഇക്കാര്യം മനസിലാക്കിയ എക്‌സൈസ് സംഘം ഒരാഴ്ച പ്രതികളെ പിന്തുടര്‍ന്നു. തുടര്‍ന്ന് പുലര്‍ച്ചെ പ്രതികള്‍ കഞ്ചാവ് വില്‍ക്കാന്‍ എത്തിയപ്പോള്‍ പതിയിരുന്നു പിടികൂടുകയായിരുന്നു. എക്‌സൈസിനെ കണ്ടപ്പോള്‍ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി. പ്രതികളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു. ഓടിരക്ഷപ്പെട്ട ബിനു ജോസഫിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി അടിമാലി എക്‌സൈസ് അറിയിച്ചു.