പരപ്പനങ്ങാടി: മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക ലഹരിവസ്തുവുമായി രണ്ടു യുവാക്കളെ പരപ്പനങ്ങാടി എക്‌സ്സൈസ് പിടികൂടി. എക്‌സ്സൈസ് ഇന്റലിജിന്‍സ് ബ്യൂറോ ടീമും പരപ്പനങ്ങാടി എക്‌സ്സൈസ് റൈഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ചേലേമ്പ്ര സ്പിന്നിങ് മില്‍ പരിസരത്തുവച്ചാണ് മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര വില്ലേജില്‍ പുത്തലകത്ത് വീട്ടില്‍ അബ്ദുള്‍ ജബാര്‍ മകന്‍ സുഹൈല്‍, രമനാട്ടുകര പുളിഞ്ചോട് ദേശത്ത് തഹ്മീന്‍ വീട്ടില്‍ ബാബു മകന്‍ നവീദ് എന്നിവരെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആറ് ഗ്രാം എംഡിഎംഎ എന്ന മാരക ലഹരിമരുന്നുമായി എക്‌സ്സൈസ് അറസ്റ്റ് ചെയ്തത്. 150ഗ്രാമോളം കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ദിവസങ്ങള്‍ക്കുമുമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം വച്ച് രണ്ടു യുവാക്കളെ എക്‌സ്സൈസ് മാരക മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിരുന്നു. യുവാക്കള്‍ക്കിടയില്‍ മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം വലിയതോതില്‍ വര്‍ധധിച്ചുവരുന്നതായി നിരന്തരം പരാതികള്‍ വരുന്നതായി പരപ്പനങ്ങാടി എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. കൂടുതല്‍ പേര്‍ എക്‌സ്സൈസിന്റെ നീരീക്ഷണത്തിലാണ്.
റൈഞ്ച് ഇന്‍സ്‌പെക്ടര്‍, മലപ്പുറം എക്‌സ്സൈസ് ഐ ബി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ്, പ്രിവെന്റിവ് ഓഫിസര്‍മാരായ ഷിജുമോന്‍, സന്തോഷ്, പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍ സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ ശിഹാബ്ദീന്‍, നിതിന്‍ ചോമാരി, ദിദിന്‍, വനിത സിവില്‍ എക്‌സ്സൈസ് ഓഫിസര്‍ സിന്ധു പട്ടേരിവീട്ടില്‍ എന്നിവരാണ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.