കാബൂള്‍: രാജ്യത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് അധികാരികള്‍ക്കും നല്‍കിയ പൊതുമാപ്പ് വാഗ്ദാനമടക്കമുളള പ്രസ്താവനകള്‍ സൂക്ഷ്മമായി വീക്ഷിക്കുകയാണെന്ന് യുഎന്‍ വക്താവ് റൂപെര്‍ട്ട് കോള്‍വില്ലി. സ്ത്രീകള്‍ക്ക് പ്രവര്‍ത്തനാനുമതി, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമാപ്പ് തുടങ്ങിയ വാഗാദനങ്ങളാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെ ജനങ്ങള്‍ക്ക് നല്‍കിയത്.
താലിബാന്റെ മുന്‍കാലത്തെ പ്രവൃത്തികള്‍ പരിശോധിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ മുഖവിലക്കെടുക്കുന്നതില്‍ സന്ദേഹമുണ്ടന്നും റൂപെര്‍ട്ട് പറഞ്ഞു. ജനീവയില്‍ യുഎന്‍ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
എന്നിരുന്നാലും വാഗാദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവ പാലിക്കുമോ ഇല്ലയോ എന്നത് സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു.
അഫ്ഗാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ നാടുവിടാന്‍ തിങ്ങിക്കൂടിയ ആയിരങ്ങളോടാണ് പൊതുമാപ്പ് പ്രഖ്യാപിച്ച കാര്യം താലിബാന്‍ അറിയിച്ചത്. അഫ്ഗാനിസ്താനില്‍ പുതിയൊരു യുഗം ആരംഭിച്ചതായും താലിബാന്‍ പറയുന്നു.
താലിബാന്‍ പിടിച്ചെടുത്ത ചില പ്രദേശങ്ങളില്‍നിന്ന് കഴിഞ്ഞ ആഴ്ച റിപോര്‍ട്ട് ചെയ്യപ്പെട്ട മനുഷ്യാവകാശധ്വംസനങ്ങളിലേക്കും സ്്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങളിലേക്കം അദ്ദേഹം ശ്രദ്ധ ക്ഷണിച്ചു. അത്തരം റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം അവയുടെ സത്യാവസ്ഥ തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താലിബാന് അഫ്ഗാന്‍ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യതയുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നയങ്ങളും നിയമങ്ങളും താലിബാന്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അഫ്ഗാന്‍ ജനതക്ക് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. പറഞ്ഞതുകൊണ്ടായില്ല, പറഞ്ഞത് ചെയ്ത് കാണിക്കണമെന്നും അദ്ദേഹം താലിബാനെ ഓര്‍മിപ്പിച്ചു.