നവാബ് മാലിക്കിന് അധോലോക ബന്ധം: 'തെളിവു'കളുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുന്നു. മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കിന് അധോലോക ബന്ധമുണ്ടെന്നതിന് തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ദീപാവലിക്കുശേഷം മന്ത്രിക്കെതിരേ ശക്തമായ തെളിവുകളുമായി വരുമെന്ന് ഫഡ്‌നാവിസ് വെല്ലുവിളിച്ചിരുന്നു.
ഇന്ന് മുംബൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഫഡ്‌നാവിസ് 'തെളിവു'കളുമായെത്തിയത്.
ദീപാവലിക്കുശേഷം തെളിവ് കൊണ്ടുവരുമെന്ന് ഞാന്‍ വാക്ക് പറഞ്ഞിരുന്നു. തെളിവുകള്‍ ലഭിക്കാന്‍ കുറച്ചുസമയമെടുത്തു. ഞാന്‍ സലിം ജാവേദിന്റെ തിരക്കഥയല്ല എഴുതുന്നത്. ഇത് ഇടവേളകളുള്ള ഒരു ചിത്രവുമല്ല- ബിജെപി നേതാവ് പറഞ്ഞു.
1993 ല്‍ മുംബൈ സ്‌ഫോടനത്തില്‍ കുറ്റവാളിയാക്കപ്പെട്ട ഒരാളുമായി നവാബ് മാലിക്ക് വസ്തുഇടപാടില്‍ ഏര്‍പ്പെട്ടുവെന്നതാണ് ഫഡ്‌നാവിസിന്റെ ആരോപണം.
കുര്‍ളയില്‍ ഗൊവാല കോമ്പൗണ്ടില്‍ എല്‍ബിഎസ് റോഡില്‍ 2.80 ഏക്കറിന്റെ കച്ചവടമാണ് നടന്നത്. സോളിഡസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് വസ്തു രജിസ്റ്റര്‍ ചെയ്തത്. ആ കമ്പനി നവാബ് മാലിക്കിന്റെ ബന്ധുവിന്റേതാണ്. മാലിക്കും കമ്പനിയിലുണ്ടായിരുന്നു. പക്ഷേ, മന്ത്രിയായ ശേഷം രാജിവച്ചു. ആ വസ്തു അധോലോകത്തുള്ള ചിലരില്‍ നിന്ന് 30 ലക്ഷം രൂപക്കാണ് വാങ്ങിയത്. അതില്‍ 20 ലക്ഷമേ നല്‍കിയുള്ളൂ.
നിങ്ങള്‍ മന്ത്രിയായിരുന്നപ്പോഴാണോ ഈ ഇടപാട് നടന്നത് എന്നാണ് എന്റെ ചോദ്യം. സലിം പട്ടേല്‍ ആരാണെന്ന് നിങ്ങള്‍ക്കറിയില്ലേ? എന്തിനാണ് പ്രതികളില്‍ നിന്ന് ഭൂമി വാങ്ങിയത്? എന്തിനാണ് അവര്‍ എല്‍ബിഎസ് റോഡിലെ മൂന്നേക്കര്‍ പ്ലോട്ട് 30 ലക്ഷം രൂപയ്ക്ക് വിറ്റത്- ഫഡ്‌നാവിസ് ചോദിച്ചു.
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ പെട്ടയാളാണ് സലിം പട്ടേല്‍. ദാവൂദിന്റെ സഹോദരി ഹസീനയുടെ ഡ്രൈവറായിരുന്നു. ദാവൂദ് രക്ഷപ്പെട്ട ശേഷം സലിം പട്ടേല്‍ വഴിയാണ് സ്വത്ത് തിരിച്ചെടുത്തത്. 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരനാണ് ദാവൂദ് ഇബ്രാഹിം.
ഇത് നവാബ് മാലിക്കിന്റെ അധോലോക ബന്ധത്തിന് തെളിവാണെന്ന് ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടുന്നു.
ഫഡ്‌നാവിസിന് അധോലോകമായും ലഹരിമാഫിയയുമായും ബന്ധമുണ്ടെന്ന ആരോപണം മാലിക് ഉയര്‍ത്തിയിരുന്നു.