തൃശൂര്‍: ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര കടല്‍ത്തീരത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഒരുമാസത്തിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിലാണ്. അതിനാല്‍, ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. വാടാനപ്പള്ളി പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരുമാസം മുമ്പ് ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാതായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അന്ന് ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ മല്സ്യത്തൊഴിലാളിയുടേതാണോ ഈ മൃതദേഹമെന്നാണ് പോലിസ് സംശയിക്കുന്നത്. മുമ്പ് കാണാതായ മല്‍സ്യത്തൊഴിലാളിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും പോലിസ് ഒരുങ്ങുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.