പ്രിയങ്കയെ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുന്നു: കെ സുധാകരന്‍ എംപി

കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കെപിസിസി ധര്‍ണ നടത്തി

Update: 2021-10-08 10:03 GMT

തിരുവനന്തപുരം: ലഖീംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ 49 മണിക്കൂര്‍ തടവിലിട്ട ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയില്‍പോലും എടുത്തില്ല.

കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ ഫാഷിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഭവന് മുന്നില്‍ കെപിസിസി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകരെ വണ്ടിയിടിപ്പിച്ചും വെടിവെച്ചും കൊന്നവര്‍ക്കെതിരെ രാജ്യത്ത് ആളിക്കത്തുന്ന പ്രതിഷേധം ബിജെപി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. കേന്ദ്രമന്ത്രിയുടെ മകനെ ഇത്രയും ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്.

കര്‍ഷകരെ കൊന്നെന്നറിഞ്ഞ് അതിരാവിലെ തന്നെ സംഭവസ്ഥലത്തേക്കു കുതിച്ച പ്രിയങ്കയെ കണ്ടപ്പോള്‍, 1977ല്‍ ബിഹാറിലെ ബല്‍ച്ചിയില്‍ ദലിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ വളരെ കഷ്ടപ്പെട്ട് രാത്രിയില്‍ അവിടെയെത്തിയ ഇന്ദിരാഗാന്ധിയെയാണ് ഓര്‍മവന്നത്. ഇന്ത്യയുടെ രണ്ടാം ഇന്ദിരാഗാന്ധിയായ പ്രിയങ്കയുടെ ധൈര്യവും തന്റേടവും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടെന്ന് സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ, ടി സിദ്ധിഖ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കെപിസിസി പ്രചാരണ സമതി ചെയര്‍മാന്‍ കെ മുരളീധരന്‍ ഉള്‍പ്പെടെ എംപിമാര്‍,എംഎല്‍എമാര്‍, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ രാജ്ഭവന്‍ ധര്‍ണയില്‍ പങ്കെടുത്തു.

രാജ്ഭവന്‍ ധര്‍ണയ്ക്ക് അനുഭാവംപ്രകടിപ്പിച്ച് ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസിന് മുന്നില്‍ ഡിസിസിയുടെ നേതൃത്വത്തിലും പ്രതിഷേധ ധര്‍ണ നടന്നു.

Tags:    

Similar News