പൗരത്വഭേദഗതി നിയമം, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് തടവറകള്‍ നിര്‍മിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: പൗരത്വം തെളിയിക്കുന്നതില്‍ പരാജയപ്പെടുന്നവരെ പാര്‍പ്പിക്കാന്‍ രാജ്യത്ത് പ്രത്യേക തടങ്കല്‍പ്പാളയങ്ങള്‍ നിര്‍മിക്കാന്‍ പൗരത്വ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ തുടങ്ങിയ നിയമങ്ങളില്‍ തടവറകള്‍ നിര്‍മിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് തടവറകള്‍ നിര്‍മിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന വാദം നിഷേധിച്ചത്. നിയമവിരുദ്ധ കുടിയേറ്റക്കാരെയും വിദേശികളെയും പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളും അവരുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് തടവറ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ഇത്തരം തടവറകളില്‍ താമസിക്കുന്നവരെ അവരുടെ തടവ്കാലം കഴിഞ്ഞാല്‍ നാടുകടത്തുകയും ചെയ്യും.
ദേശീയ തലത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി രാജ്യത്തെത്തിയ വിദേശികളെ അവരുടെ തടവ്കാലം കഴിഞ്ഞാല്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം വിദേശികളെ അവരുടെ സ്വതന്ത്രവിഹാരം തടയുന്നതരത്തിലുള്ള സ്ഥലങ്ങളില്‍ പാര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കോടതിയുടെ നിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനങ്ങളില്‍ സംവിധാനമൊരുക്കാന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളില്‍ പരിപാലിച്ചുവരുന്ന തടവറകള്‍ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും മന്ത്രാലയം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
പൗരത്വഭേദഗതി നിയമം പാസ്സാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ പ്രത്യേക കാലയളവിനുള്ളില്‍ അനധികൃതമായി കുടിയേറുന്ന സിഖ്, ഹിന്ദു, ക്രിസ്ത്യന്‍, പാര്‍സി, ജൈന, ബുദ്ധ മതവിഭഗാങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പൗരത്വഭേദഗതി നിയമം.