യുപി തിരഞ്ഞെടുപ്പ്; ബിജെപിക്ക് സംവരണ സീറ്റുകളുടെ എണ്ണത്തില്‍ ഇടിവ്; എസ് പി നില മെച്ചപ്പെടുത്തി

Update: 2022-03-13 03:00 GMT

ന്യൂഡല്‍ഹി; യുപിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സംവരണ മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം കുറഞ്ഞു. സമാജ് വാദി പാര്‍ട്ടിക്ക് ലഭിച്ച സീറ്റുകള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും ഇപ്പോഴും ബിജെപിക്കാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചിട്ടുള്ളത്.

യുപിയില്‍ ആകെ 403 സീറ്റാണ് ഉള്ളത്. അതില്‍ 84 മണ്ഡലങ്ങള്‍ എസ് സി വിഭാഗത്തിനും 2 എണ്ണം എസ് ടി വിഭാഗത്തിനും സംവരണം ചെയ്തിരിക്കുന്നു. ഒബ്ര, ദുദ്ധി എന്നീ മണ്ഡലങ്ങളാണ് പട്ടികവര്‍ഗത്തിന് സംവരണം ചെയ്തിരിക്കുന്നത്. ഇവ രണ്ടും ഇത്തവണ ബിജെപി കരസ്ഥമാക്കി. കഴിഞ്ഞ തവണയും ഈ സീറ്റുകള്‍ ബിജെപിക്കായിരുന്നു.

2017ല്‍ ബിജെപിക്ക് 69 പട്ടികജാതി സംവരണ സീറ്റുകളാണ് ലഭിച്ചത്. സമാജ് വാദി പാര്‍ട്ടിക്ക് 7ഉം ബിഎസ്പിക്ക് രണ്ടും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിക്ക് മൂന്നും അപ്‌ന ദളഇന് രണ്ടും സീറ്റ് ലഭിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രന്‍ വിജയിച്ചു.

സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, അപ്‌നാ ദള്‍(എസ്) എന്നിവ 2017ല്‍ ബിജെപിയുടെ സഖ്യകക്ഷികളായിരുന്നു. അങ്ങനെ നോക്കിയാല്‍ 2017ല്‍ ബിജെപി സഖ്യം 74 സീറ്റുകള്‍ നേടി.

2022 തിരഞ്ഞെടുപ്പില്‍ ബിജെപി, അപ്‌നാ ദള്‍(എസ്) എന്നിവര്‍ ആകെ 63 സീറ്റ് നേടി. 2017നെ അപേക്ഷിച്ച് സീറ്റുകള്‍ 11 എണ്ണം കുറഞ്ഞു. ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടി സംവരണസീറ്റില്‍ മല്‍സരിച്ചില്ല.

2022 തിരഞ്ഞെടുപ്പില്‍ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്നു. രാഷ്ട്രീയ ലോക് ദളാണ് എസ്പിയുമായി ചേര്‍ന്ന് മല്‍സരിച്ച മറ്റൊരു പാര്‍ട്ടി. എസ് പി ഇത്തവണ 16 സംവരണ സീറ്റുകള്‍ നേടി. സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി 3 സീറ്റും ആര്‍എല്‍ഡി ഒരു സീറ്റും നേടി.

സമാജ് വാദ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണി 20 സംവരണസീറ്റാണ് ആകെ നേടിയത്. 2017നെ അപേക്ഷിച്ച് അവര്‍ നില മെച്ചപ്പെടുത്തി. അവര്‍ ആകെ 7 സീറ്റാണ് കഴിഞ്ഞ തവണ നേടിയത്. കോണ്‍ഗ്രസ്സിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ലഭിച്ചില്ല.

2017ല്‍ ബിഎസ്പി രണ്ട് സംവരണ സീറ്റുകള്‍ നേടി. 2022ല്‍ ഒന്നുപോലും ലഭിച്ചില്ല. ബിഎസ്പി ഇത്തവണ ദലിത് സ്ഥാനാര്‍ത്ഥികളെ ജനറല്‍ സീറ്റില്‍ നിര്‍ത്തി മല്‍സരിപ്പിച്ചിരുന്നു.

Tags:    

Similar News