ഇന്‍ഡോര്‍: പ്രശസ്ത ഉറുദു കവി രാഹത് ഇന്‍ഡോരി കൊവിഡ് ബാധിച്ച് മരിച്ചു. 70 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ഇന്‍ഡോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന് രണ്ട് തവണ ഹൃദയാഘാതം അനുഭവപ്പെട്ടു. അദ്ദേഹത്തിന് 60 ശതമാനം ന്യുമോണിയയും ബാധിച്ചിരുന്നുവെന്ന് ഇന്‍ഡോറിലെ സര്‍ അരബിന്ദോ ആശുപത്രിയിലെ ഡോ. വിനോദ് ഭണ്ഡാരി പറഞ്ഞു.
ആശുപത്രിയില്‍ എത്തും മുമ്പുതന്നെ ഇന്‍ഡോരി തനിക്ക് കൊവിഡ് ബാധിച്ചുവെന്ന് ട്വീറ്റ് ചെയ്തിരുന്നു. തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചറിയാന്‍ വീട്ടിലേക്ക് വിളിക്കരുതെന്നും അദ്ദേഹം അപേക്ഷിച്ചു. കുടുബക്കാര്‍ ട്വിറ്റര്‍ വഴി ആരോഗ്യസ്ഥിതി അറിയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്.
നിരവധി സിനിമകള്‍ക്കും ഇന്‍ഡോരി പാട്ടെഴുതിയിട്ടുണ്ട്.
'ഇന്‍ഡോരി സാഹിബി'ന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. കവിയുടെ മരണം കാവ്യലോകത്തിന് കനത്ത നഷ്ടമാണെന്ന് ചരിത്രകാരനും എഴുത്തുകാരനുമായ റാണ സഫ്വി അഭിപ്രായപ്പെട്ടു.