കൊവിഡ് 19: അമേരിക്ക ഇന്ത്യക്ക് വെന്റിലേറ്ററുകള്‍ നല്‍കുമെന്ന് ട്രംപിന്റെ ട്വീറ്റ്

Update: 2020-05-16 01:52 GMT

വാഷിങ്ടണ്‍: കൊവിഡ് 19നെതിരേയുള്ള പോരാട്ടത്തില്‍ അമേരിക്ക, ഇന്ത്യയ്ക്ക് വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്റര്‍ വഴിയാണ് ട്രംപിന്റെ പ്രഖ്യാപനം. ഈ മഹാമാരിയുടെ സമയത്ത് അമേരിക്ക ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഒപ്പം നില്‍ക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കൊവിഡ് 19 നുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി അമേരിക്ക ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് 19 വാക്‌സിന്‍ ഉല്പാദിപ്പിക്കാനാവുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ട്രംപ് പറഞ്ഞു. 


'ഞാന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഞങ്ങള്‍ ഇന്ത്യയുമായി വളരെയധികം അടുത്തു പ്രവര്‍ത്തിക്കുന്നു, യുഎസില്‍ വളരെയധികം ഇന്ത്യന്‍ വംശജരുമുണ്ട്. അവരില്‍ പലരും വാക്‌സിന്‍ നിര്‍മാണത്തിലും പങ്കെടുക്കുന്നുണ്ട്. മികച്ച ശാസ്ത്രജ്ഞനും ഗവേഷകരുമാണ് അവര്‍''- ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ മാധ്യമപ്രവര്‍ത്തകരുമായി വാക്‌സിന്‍ നിര്‍മാണ സാധ്യതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അതെ, ഞങ്ങള്‍ ഇന്ത്യയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നു,' മറ്റൊരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു, പ്രധാനമന്ത്രി മോദിയെ അദ്ദേഹം തന്റെ 'നല്ല സുഹൃത്ത്' എന്നാണ് വിശേഷിപ്പിച്ചത്.

കൊറോണ വൈറസ് രോഗികളുടെ ചികില്‍സയില്‍ ഉപയോഗിക്കുന്ന മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ കടുത്ത നടപടികളുണ്ടാകുമെന്ന് ഇന്ത്യയ്‌ക്കെതിരേ ഭീഷണി പുറപ്പെടുവിച്ചതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള രാജ്യമാണ് യുഎസ്. ലോകത്തെ പതിനൊന്നാമത്തെ സ്ഥാനമാണ് ഇന്ത്യയുടേത്.

Tags:    

Similar News