സിനിമാഹാള്‍ തുറക്കാന്‍ അനുവദിക്കുന്ന കശ്മീര്‍ ഭരണകൂടത്തിന് വെള്ളിയാഴ്ച നമസ്‌കാരത്തിന് പള്ളി തുറന്നുകൊടുത്തുകൂടെയെന്ന് ഉവൈസി; പ്രസ്താവന തെറ്റെന്ന് പോലിസ്

Update: 2022-09-21 05:26 GMT

ന്യൂഡല്‍ഹി : കശ്മീരിലെ ജുമാ മസ്ജിദ് അടച്ചിടുന്നതിനെക്കുറിച്ചുള്ള എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവന അറിവില്ലായ്മയാണെന്നും തെറ്റാണെന്നും ശ്രീനഗര്‍ പോലിസ്. ശ്രീനഗറിലെ ജാമിഅ ജസ്ജിദ് പൂര്‍ണമായും തുറന്നിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.

'ജാമിഅ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡിനു ശേഷം മൂന്ന് തവണ മാത്രമാണ് പള്ളി അടച്ചിട്ടത്. വെള്ളിയാഴ്ച ദിവസം ആക്രമണമുണ്ടായേക്കുമെന്ന ഭീഷണിയെത്തുടര്‍ന്നായിരുന്നു അത്. അതും സുരക്ഷ ഒരുക്കാന്‍ പള്ളി അധികാരികള്‍ക്ക് കഴിയില്ലെന്നു പറഞ്ഞതുകൊണ്ട് മാത്രം. അകലെയാണെന്നത് അറിവില്ലായ്മയ്ക്ക് ന്യായീകരണമല്ല'- ശ്രീനഗര്‍ പോലിസ് ട്വീറ്റ് ചെയ്തു.

സിനിമാഹാളുകള്‍ തുറക്കാന്‍ അനുവദിക്കുമ്പോള്‍ പള്ളികള്‍ കശ്മീര്‍ ഭരണകൂടം അടച്ചിടുകയാണെന്ന ഉവൈസിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പോലിസ്.

ഷോപിയാനിലും പുല്‍വാമയിലും സിനിമാഹാളുകള്‍ കഴിഞ്ഞ ദിവസം ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തിരുന്നു. അത് തുറക്കാന്‍ അനുവദിക്കുമ്പോള്‍ എന്തുകൊണ്ട് ശ്രീനഗറിലെ ജാമിഅ മസ്ജിദ് വെള്ളിയാഴ്ചകളില്‍ അടച്ചിടുന്നുവെന്നായിരുന്നു ഉവൈസിയുടെ ട്വീറ്റ്.

'മനോജ് സിന്‍ഹ, നിങ്ങള്‍ ഷോപ്പിയാനിലും പുല്‍വാമയിലും സിനിമാ ഹാളുകള്‍ തുറന്നിട്ടുണ്ട്, പക്ഷേ എന്തുകൊണ്ടാണ് എല്ലാ വെള്ളിയാഴ്ചകളിലും ശ്രീനഗര്‍ ജാമിഅ മസ്ജിദ് അടച്ചിടുന്നത്, കുറഞ്ഞത് ഉച്ചകഴിഞ്ഞുള്ള മാറ്റിനി ഷോയ്ക്കിടയിലെങ്കിലും അത് അടയ്ക്കരുത്.'- ഉവൈസി ട്വീറ്റ് ചെയ്തു.

മൂന്ന് പതിറ്റാണ്ടായി അടഞ്ഞുകിടക്കുന്ന ശ്രീനഗറിലെ സിനിമാഹാളുകള്‍ ചൊവ്വാഴ്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്തിരുന്നു.

520ഓളം പേര്‍ക്ക് ഇരുന്നുകാണാവുന്ന 3 ആഡിറ്റോറിയമുള്ള തിയ്യറ്ററാണ് ഉദ്ഘാടനം ചെയ്തത്. 12ഓളം സിനിമാഹാളുകള്‍ ശ്രീനഗറില്‍ത്തന്നെയുണ്ടായിരുന്നു. സംഘര്‍ഷം രൂക്ഷമായ 90 കളില്‍ അടച്ചിടുകയായിരുന്നു.

Tags:    

Similar News