വാക്‌സിന്‍ കണ്ടുപിടിച്ചിട്ട് 137 വര്‍ഷമായി; പേ വിഷ വാക്‌സിനെടുത്തിട്ടും മരിക്കുന്നത് ആരോഗ്യവകുപ്പിന്റെ തകരാറുകൊണ്ട് മാത്രമെന്ന് ഡോ. എസ്എസ് ലാല്‍

നിലവാരമില്ലാത്ത വാക്‌സിന്‍ വാങ്ങിയത് കാരണമോ, നിര്‍ദ്ദേശിക്കപ്പെട്ട ഊഷ്മാവില്‍ വാക്‌സിന്‍ സൂക്ഷിക്കാത്തത് കാരണമോ ആകാം വാക്‌സിന്‍ കുത്തിയിട്ടും രോഗം ഉണ്ടാകുന്നത്.

Update: 2022-08-30 07:31 GMT

തിരുവനന്തപുരം: പേ വിഷ ബാധയ്ക്കുള്ള  വാക്‌സിന്‍ എടുത്തിട്ടും രോഗികള്‍ മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ മാത്രം തകരാറുകൊണ്ടാണെന്ന് പൊതുജനാരോഗ്യവിദഗ്ധന്‍ ഡോ. എസ്എസ് ലാല്‍. നിലവാരമില്ലാത്ത വാക്‌സിന്‍ വാങ്ങിയത് കാരണമോ, നിര്‍ദ്ദേശിക്കപ്പെട്ട ഊഷ്മാവില്‍ വാക്‌സിന്‍ സൂക്ഷിക്കാത്തത് കാരണമോ ആകാം വാക്‌സിന്‍ കുത്തിയിട്ടും രോഗം ഉണ്ടാകുന്നത്. അതിന് അടിയന്തിരമായി ഉത്തരം പറയേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്, പ്രത്യേകിച്ച് ആരോഗ്യ വകുപ്പാണെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ചിട്ട് 137 വര്‍ഷങ്ങളായി. വളരെ സുരക്ഷിതമായ വാക്‌സിനുകള്‍ ഇന്ന് സാര്‍വത്രികമായി ലഭ്യമാണ്. വാക്‌സിന്‍ ഉപയോഗിച്ചാല്‍ നൂറ് ശതമാനവും ഒഴിവാക്കാവുന്ന രോഗമാണ് പേവിഷബാധ. അതായത് ഇക്കാലത്ത് പേവിഷബാധ വന്ന് ഒരാള്‍ പോലും മരിക്കേണ്ട കാര്യമില്ല. പേവിഷബാധയുള്ള മൃഗത്തില്‍ നിന്ന് അണുബാധ കിട്ടിയിട്ടുണ്ടെങ്കില്‍ രോഗം സുനിശ്ചിതമാണ്. വാക്‌സിന്‍ എടുത്തില്ലെങ്കില്‍ മരണം ഉറപ്പാണ്.

മനുഷ്യന് പേവിഷബാധയുണ്ടാക്കുന്ന മൃഗങ്ങളുടെ, പ്രത്യേകിച്ച് തെരുവ് നായ്ക്കളുടെ, നിയന്ത്രണത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും തുല്യ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ തെരുവ് നായ്ക്കളെ കൊന്നെറിയണമെന്നല്ല പറയുന്നത്. അവയുടെ പെറ്റുപെരുകല്‍ നിയന്ത്രിക്കാന്‍ അവയെ വന്ധ്യംകരിക്കണം. അതിനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അത് ചെയ്യാത്തതിന് യാതൊരു ന്യായീകരണവും വിലപ്പോവില്ല. പരാജയം സമ്മതിച്ചിട്ട് അടിയന്തിരമായി പരിഹാര മാര്‍ഗങ്ങള്‍ തേടുകയേ വഴിയുളളൂ.

തെരുവ് നായ്ക്കള്‍ സ്വയം ഉണ്ടാകുന്നതല്ല. നമ്മള്‍ മനുഷ്യരുടെ സഹായത്തോടെ ഉണ്ടാകുന്ന നായ്ക്കളാണ് തെരുവ് നായ്ക്കളായി മാറുന്നതും പെറ്റുപെരുകുന്നതും പിന്നീട് നമ്മെക്കടിച്ച് പേവിഷം തന്ന് കൊല്ലുന്നതും.

പേവിഷബാധ ഒഴിവാക്കാന്‍ വളര്‍ത്തുമൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ് പ്രധാനമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യമായി കുത്തിവയ്പ് നല്‍കുന്നില്ലെങ്കില്‍ നമ്മള്‍ രോഗത്തെയും മരണത്തെയും വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തുകയാണ്. അതിന് സര്‍ക്കാര്‍ സംവിധാനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയും വൈകരുത്, മനുഷ്യരോട് താല്‍പര്യമുണ്ടെങ്കില്‍.

പേപിടിച്ച് മനുഷ്യര്‍ മരിക്കുമ്പോള്‍ അഴകൊഴഞ്ചന്‍ രീതിയിലുള്ള അന്വേഷണ ഉത്തരവുകളും നടപടികളും നാണക്കേടാണ്. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാകാത്തതുകൊണ്ടാ മനുഷ്യജീവന് വില നല്‍കാത്തതുകൊണ്ടോ ആണ് നാട്ടില്‍ പ്രതിരോധ കുത്തിവയ്പ് ഉണ്ടായിട്ടും അതെടുത്തിട്ടും മനുഷ്യര്‍ മരിക്കുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തില്‍ വലിയ പരാജയമാണ്. സംവിധാനങ്ങളുടെ പരാജയം. വകുപ്പ് ഭരിക്കുന്നയാള്‍ എന്ന നിലയില്‍ ആരോഗ്യ മന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News