വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

Update: 2022-10-06 05:59 GMT

പാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായി റിപോര്‍ട്ട്. ഡ്രൈവറായ ജോജോ പത്രോസ് ഇകെ നായനാര്‍ ആശുപത്രിയിലാണ് ചികില്‍സ തേടിയിരുന്നത്. പിന്നീട് ഒന്നര മണിക്കൂറിന് ശേഷം ഇയാള്‍ ആശുപത്രിയില്‍നിന്ന് പോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട ബസ്സിലെ ഒരാള്‍ പുലര്‍ച്ചെ ചികില്‍സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും ആശുപത്രിയിലെ നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് വാഹനാപകടത്തിന് കാരണമായ ബസ് ഓടിച്ച ഡ്രൈവര്‍. ആദ്യം അധ്യാപകനെന്നാണ് ഇയാള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. രാവിലെ ആറ് മണിയോടെ എറണാകുളത്ത് നിന്ന് ബസ്സിന്റെ ഉടമകളെത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി. ബസ്സിന്റെ ഡ്രൈവറെന്നാണ് ഇവര്‍ പറഞ്ഞതെന്നും നഴ്‌സ് വ്യക്തമാക്കി. അതേസമയം, ഡ്രൈവര്‍ ജോജോ പത്രോസ് എന്ന് മറ്റൊരു പേരിലാണ് ഒപി ടിക്കറ്റെടുത്തതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറാണെന്ന് ആശുപത്രി അധികൃതരോട് ഇയാള്‍ പറഞ്ഞിരുന്നില്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. അപകടത്തില്‍ പരിക്കേറ്റയാള്‍ എന്ന രീതിയിലാണ് ചികില്‍സ തേടിയത്.

പുലര്‍ച്ചെ മൂന്നരയോടെ പോലിസുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ക്ക് കാര്യമായ പരിക്കുണ്ടായിരുന്നില്ല. കൈയിലും കാലിലും ചെറിയ രീതിയില്‍ തൊലിയുരിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. എക്‌സ്‌റേ എടുത്തപ്പോള്‍ പൊട്ടലോ ചതവോ ഉണ്ടായിരുന്നില്ല. പ്രാഥമിക ചികില്‍സയ്ക്ക് ശേഷം എറണാകുളത്തുനിന്ന് എത്തിയ ബസ് ഉടമസ്ഥരോടൊപ്പമാണ് ഇയാള്‍ പോയതെന്നാണ് സംശയിക്കുന്നത്.

അധ്യാപകനാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞതെന്ന് ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. കൂറേ ചോദിച്ചു, അവസാനമാണ് ഡ്രൈവറാണെന്ന് സമ്മതിച്ചതെന്നും ഡോക്ടര്‍ പറഞ്ഞു. ജോമോന്‍ ആശുപത്രിയില്‍ വീല്‍ചെയറില്‍ ചികില്‍സയ്‌ക്കെത്തുന്നതും പുലര്‍ച്ചെ പോവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഡ്രൈവര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Tags:    

Similar News