കടല്‍ക്ഷോഭം രൂക്ഷം; വടകര, പയ്യോളി, കൊയിലാണ്ടി തീരദേശ മേഖലകള്‍ ഭീഷണിയില്‍
കടല്‍ക്ഷോഭത്തിന് കടല്‍ഭിത്തി നിര്‍മിച്ച് പരിഹാരം കാണുന്നതിന് പകരം രാഷ്ട്രിയ നേതാക്കളും അധികൃതരും എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തി പോകുകയല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്ന് തീരദേശ കടല്‍ഭിത്തി സംരക്ഷണ സമിതി കണ്‍വീനര്‍ കെ വി പി ഷാജഹാന്‍ പറഞ്ഞു.
പയ്യോളി: കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് വടകര, പയ്യോളി, കൊയിലാണ്ടി തീരദേശ മേഖലകള്‍ ഭീഷണിയില്‍. വടകര മുഖചേരി, കൊയിലാണ്ടി വളപ്പ്, അഴിത്തല, ആവിക്കല്‍ പ്രദേശങ്ങളിലെ വീടുകള്‍ക്ക് സമീപം വരെ തിരമാലകള്‍ ആഞ്ഞടിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ഭീതിയിലാണ്. കടല്‍ക്ഷോഭത്തിന് കടല്‍ഭിത്തി നിര്‍മിച്ച് പരിഹാരം കാണുന്നതിന് പകരം രാഷ്ട്രിയ നേതാക്കളും അധികൃതരും എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തി പോകുകയല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്ന് തീരദേശ കടല്‍ഭിത്തി സംരക്ഷണ സമിതി കണ്‍വീനര്‍ കെ വി പി ഷാജഹാന്‍ പറഞ്ഞു.
മുരളീധരന്‍ എംപി, നിയുക്ത എംഎല്‍എ കെ കെ രമ, ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ചോറോട് പഞ്ചായത്തിലെ തീരപ്രദേശത്തെ റോഡ് തകര്‍ന്നു. പയ്യോളി കൊളാവിപ്പാലം കോട്ട കടപ്പുറം മേഖലയിലാണ് കടല്‍ക്ഷോഭം. രൂക്ഷമായ കോട്ടകടപുറം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ് നഗരസഭാചെയര്‍മാന്‍ വടക്കയില്‍ ഷെഫീക്ക് ജില്ലാകലക്ടറെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. 60 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
പയ്യോളി ബീച്ച്, കോടിക്കല്‍, കല്ലകത്ത് കടപ്പുറം എന്നിവിടങ്ങളിലും കടല്‍ കയറി. കാപ്പാട് തീരപ്രദേശങ്ങളിലും തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിക്കുകയാണ്. നിരവധി തെങ്ങുകള്‍, ഉന്തുവണ്ടികള്‍ കടലെടുത്തു. റോഡിനും പാലത്തിനും കേടുപാടുകള്‍ സംഭവിച്ചു.