റായ്ബറേലിയിൽ പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി വരുൺ ഗാന്ധി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റും ഗാന്ധി കുടുംബത്തിന്റെ തട്ടകവുമായ റായ്ബറേലി പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ പാളിച്ച. പ്രിയങ്ക ഗാന്ധി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരുമെന്ന് പ്രതീക്ഷിക്കുന്ന റായ്ബറേലിയില്‍ മത്സരിക്കണമെന്ന ബിജെപിയുടെ നിര്‍ദേശം വരുണ്‍ ഗാന്ധി തള്ളി.
പിലിഭിത്തിലെ സിറ്റിങ് എംപിയായ വരുണ്‍ ഗാന്ധിക്ക് ഇത്തവണ അവിടെ സീറ്റ് നിഷേധിച്ചിരുന്നു. പകരം പിതാവിന്റെ സഹോദരപുത്രിക്കെതിരെ മത്സരിക്കുന്നതിന് റായ്ബറേലി സീറ്റാണ് ബിജെപി വരുണിന് വാദ്ഗാനം ചെയ്തത്. എന്നാല്‍, ഒരാഴ്ചത്തെ ആലോചനകള്‍ക്ക് ശേഷം വരുണ്‍ ഈ വാഗ്ദാനം നിരസിച്ചുവെന്നാണ് ന്യൂസ് 18 ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിജെപി നേതൃത്വം റായ്ബറേലിയില്‍ മത്സരിക്കാനുള്ള നിര്‍ദേശവുമായി മുന്നോട്ട് വന്നപ്പോള്‍ ഒരാഴ്ചത്തെ സമയമാണ് വരുണ്‍ ചോദിച്ചത്. തുടര്‍ന്ന് അദ്ദേഹം മത്സരിത്തിനില്ലെന്ന് അറിയിക്കുകയായിരുന്നു.
വരുണിന്റെ മാതാവും സുല്‍ത്താന്‍പുരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ മനേക ഗാന്ധി 1984ല്‍ അമേത്തിയില്‍ രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പ്രിയങ്കയ്‌ക്കെതിരെ മത്സരിക്കാന്‍ വരുണിനെ ബിജെപി സമീപിച്ചത്.വരുണ്‍ എംപിയായ പിലിഭിത്തില്‍ ഇത്തവണ കോണ്‍ഗ്രസ് വിട്ടെത്തിയ ജിതിന്‍ പ്രസാദയെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.
റായ്ബറേലിയിലെ സിറ്റിങ് എംപിയായ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് പകരം ഇവിടെ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നത്. റായ്ബറേലിയിലും അമേത്തിയിലും കോണ്‍ഗ്രസ് അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും. റായ്ബറേലിയില്‍ പ്രിയങ്കയും അമേത്തിയില്‍ രാഹുലും മത്സരിക്കുമെന്നാണ് സൂചന. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് അവസാനിക്കാന്‍ കാത്തിരിക്കുകയാണ് അമേത്തിയില്‍കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനെന്നാണ് റിപോര്‍ട്ടുകള്‍.