വട്ടിയൂര്‍ക്കാവില്‍ അട്ടിമറി നടന്നതായി സംശയിച്ച് കെപിസിസി പ്രസിഡന്റ്; അന്വേഷണം ആവശ്യപ്പെട്ട് വീണ നായര്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി. യുഡിഎഫ് സ്ഥാനാര്‍ഥി വീണ ആര്‍ നായര്‍ കെപിസിസി പ്രസിഡന്റിനെ സന്ദര്‍ശിച്ചു കെട്ടുകണക്കിന് പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പോസ്റ്ററുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതില്‍ സംശയമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരിഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് അച്ചടക്ക ലംഘനമാണ്. ഡിസിസി അന്വേഷണറിപോര്‍ട്ട് വരുന്നതോടെ കൂടുതല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നോ എന്ന കാര്യം പ്രത്യേക സംഘം പരിശോധിക്കും. പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ മണ്ഡലം ഖജാന്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. 2016ല്‍ കെ മുരളീധരന്‍ ഈ മണ്ഡലത്തില്‍ 51000 വോട്ട് ലഭിച്ച് വിജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ 40000 വോട്ട് മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ ഇക്കുറിയും അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയമുയര്‍ന്നിരിക്കുകയാണ്.