ആലുവ തീവ്രവാദ ആരോപണം: പേര് നോക്കി ആരോപണമുന്നയിക്കുന്നു; പോലിസിലെ സംഘപരിവാര്‍ സാന്നിധ്യമെന്നും വിഡി സതീശന്‍

സംഘപരിവാറിന് ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തീവ്രവാദ-ദേശവിരുദ്ധ ബന്ധം ആരോപിക്കാനുള്ള അവസരമാണ് കേരള പോലിസ് നല്‍കിയിരിക്കുന്നത്

Update: 2021-12-15 06:22 GMT

തിരുവനന്തപുരം: ആലുവ മൊഫിയ കേസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ചതിന് പിന്നാലെ ഇത് കേന്ദ്ര ഏജന്‍സി അന്വേഷിക്കുമെന്ന വാര്‍ത്ത പോലിസിലെ സംഘപരിവാര്‍ സാന്നിധ്യമാണ്് തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എംഎല്‍എമാരും എംപിമാരും ചേര്‍ന്ന് നടത്തിയ ഒരു പ്രതിഷേധത്തിനെതിരേയാണ് തീവ്രവാദ ആരോപണമുന്നയിക്കുന്നത്.

സര്‍ക്കാര്‍-പോലിസ് വീഴ്ചയിലൂടെ ഒരു സമൂഹത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെയൊരു റിപോര്‍ട്ട് നല്‍കാന്‍ കൂട്ടുനിന്നത് പോലിസിലെ സംഘപരിവാര്‍ സാന്നിധ്യമാണ്. താഴെത്തട്ടില്‍ മാത്രമല്ല മുകള്‍ തട്ടില്‍വരെ സംഘപരിവാര്‍ സാന്നിധ്യമുണ്ട്. പേര് നോക്കി ആരോപണമുന്നയിക്കുകയാണ്.

സംഘപരിവാറിന് ജനങ്ങളെ ജാതീയമായി ഭിന്നിപ്പിച്ച്, ജാതിയുടെ പേരിലും മതത്തിന്റെ പേരിലും തീവ്രവാദ-ദേശവിരുദ്ധ ബന്ധം ആരോപിക്കാനുമുള്ള അവസരമാണ് കേരള പോലിസ് ഇപ്പോള്‍ ചെയ്ത് കൊടുത്തിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയാണ് കാണിക്കുന്നത്. അതുകൊണ്ട് ഈ സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തി, എങ്ങനെയാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശം കടന്ന് കൂടിയതെന്ന് അന്വേഷിക്കണം. ഇത്തരം സംഭവങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മൊഫിയ കേസില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ തീവ്രവാദബന്ധമാരോപിച്ച് റിമാന്‍ഡ് റിപോര്‍ട്ട് നല്‍കിയ ആലുവ പോലിസ് സ്‌റ്റേഷനിലെ രണ്ട് എസ് ഐമാരെ ഡിജിപി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധക്കാരുടെ തീവ്രവാദബന്ധം കേന്ദ്ര ഏജന്‍സി അന്വേഷിക്കുമെന്ന വാര്‍ത്ത പുറത്ത് വരുന്നത്.

Tags:    

Similar News